ADVERTISEMENT

ന്യൂഡൽഹി ∙ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലെ കേന്ദ്ര സർക്കാരിന്റെ വസ്തുതാപരിശോധന നടപ്പായാൽ സർക്കാരിന്റെ ഭാഗം മാത്രം പുറത്തുകേൾക്കുകയും മറ്റെല്ലാ ശബ്ദങ്ങളും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുമെന്ന അപകടമാണ് ഹർജിക്കാരായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡപ് കൊമീഡിയൻ കുനാൽ കമ്രയും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. 

 നീക്കം നടപ്പായാൽ മാധ്യമപ്രവർത്തകരുടെ വാർത്താസ്രോതസ്സുകൾ തന്നെ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി.

ഹർജിക്കാരുടെ വാദങ്ങൾ

∙ കഴിഞ്ഞ 5 വർഷത്തെ സർക്കാരിന്റെ പ്രകടനം ജനങ്ങൾ വിലയിരുത്തേണ്ട തിരഞ്ഞെടുപ്പു സമയമാണ്. വസ്തുതകളാണു പുറത്തുവരേണ്ടത്; അല്ലാതെ സർക്കാർ ഫിൽറ്റർ ചെയ്ത വിവരങ്ങളല്ല.

∙ ചട്ടം രാഷ്ട്രീയ വിമർശനങ്ങളെയും ആക്ഷേപഹാസ്യത്തെയും ബാധിക്കില്ലെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പ് മുഖവിലയ്ക്കെടുക്കാനാവില്ല.

∙ സമൂഹമാധ്യമ കമ്പനികൾ ബിസിനസ് സ്ഥാപനങ്ങളായതിനാൽ നിയമനടപടിക്കു പോകാതെ ഉത്തരവു പാലിച്ച് ഉള്ളടക്കം നീക്കാനാകും താൽപര്യപ്പെടുക.

∙ സർക്കാരിനു മാത്രമായി എന്തിനാണ് ഫാക്ട് ചെക്ക് യൂണിറ്റ് ? വ്യാജ ഉള്ളടക്കമാണു പ്രശ്നമെങ്കിൽ സർക്കാരിനേക്കാൾ അവ ബാധിക്കുക വ്യക്തികളെയാണ്.

∙ നീക്കം സംസ്ഥാന–കേന്ദ്ര ബന്ധത്തെപ്പോലും ബാധിക്കും. ഒരു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദമാണു സത്യമെന്ന് പിഐബിക്കു നിശ്ചയിക്കാം.

സർക്കാരിന്റെ വാദങ്ങൾ

∙ ഭരണഘടനയിൽ വ്യക്തമാക്കിയിരിക്കുന്ന സർക്കാർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യാജ ഉള്ളടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അറിയിക്കുക മാത്രമാണ് പിഐബിയുടെ ചുമതല. ഒരാൾ പ്രധാനമന്ത്രിയെ വിമർശിച്ചാൽ അത് ഇതിന്റെ പരിധിയിൽ വരില്ല.

∙ ഇത്തരം ഉള്ളടക്കം വ്യാജമെന്ന അറിയിപ്പ് പ്ലാറ്റ്ഫോമുകൾ നൽകണം. ഇത് നൽകാതിരുന്നാൽ പരാതിക്കാർക്കു കോടതിയെ സമീപിക്കാം. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ല. 

പ്ലാറ്റ്ഫോം കേസ് നടത്തേണ്ടി വരും. ഉള്ളടക്കം വ്യാജമല്ലെന്നു പ്ലാറ്റ്ഫോമുകൾക്ക് വാദിക്കാൻ തടസ്സമില്ല.

∙ എല്ലാ കമ്പനികൾക്കും മാധ്യമങ്ങൾക്കും സ്വന്തമായ ഫാക്ട് ചെക്ക് യൂണിറ്റുണ്ട്. സർക്കാരിനു മാത്രം ഇതു പാടില്ലെന്നു പറയാനാവില്ല.

English Summary:

Petitioners point out in Supreme Court that if central government's fact-checking implemented, opposing voices will be silenced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com