ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാവുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും‌ ചെയ്ത അരബിന്ദോ ഫാർമ ഡയറക്ടർ പി.ശരത്ചന്ദ്ര ‌റെഡ്ഡി മറ്റു 2 കമ്പനികൾ വഴിയും ബിജെപിക്ക് ഇലക്ടറൽ ബോണ്ട് സംഭാവന നൽകി. അരബിന്ദോയുടെ അനുബന്ധ കമ്പനികളായ എപിഎൽ ഹെൽത്ത്കെയർ, യൂജിയ ഫാർമ സ്പെഷ്യൽറ്റീസ് എന്നിവയാണവ. 2019 നു ശേഷം 3 കമ്പനികളും കൂടി ബിജെപിക്കു നൽകിയത് 60 കോടിയോളം രൂപ.

റെഡ്ഡിയുടെ‌ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ‌‌ അറസ്റ്റ്‌ ചെയ്തതെന്ന്‌  മന്ത്രി അതിഷി ആരോപിച്ചു. 2022 ലെ ചോദ്യംചെയ്യലിൽ കേജ്‌രിവാളിനെ‌ കണ്ടിട്ടില്ലെന്നു പറഞ്ഞ റെഡ്ഡി, പിന്നീട് നിലപാട് മാറ്റിയെന്നും അതിനു‌ശേഷമാണ് ജാമ്യം‌ ലഭിച്ചതെന്നുമാണ് ആരോപണം. 2012 ൽ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ ജഗതി പബ്ലിക്കേഷൻസിൽ നിക്ഷേപം നടത്തിയതിന്റെ പേരിൽ ശരത്ചന്ദ്ര റെഡ്ഡിക്ക് ആന്ധ്ര സർക്കാരിൽനിന്നു കുറഞ്ഞ വിലയ്ക്കു സ്ഥലം ലഭിച്ചെന്നു  സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

കേസ് നാൾവഴി

റെഡ്ഡിയുടെ ജാമ്യം ഇ.ഡി എതിർത്തില്ല

∙ 2021 നവംബർ 17: ഡൽഹിയിലെ പുതിയ മദ്യനയം പ്രാബല്യത്തിൽ‌.

∙ 2022 ജനുവരി 5: അരബിന്ദോ ഫാർമ ബിജെപിക്കായി 3 കോടി രൂപയുടെ ബോണ്ട് വാങ്ങുന്നു. ജനുവരി 12നു ബിജെപി ഇത് പണമാക്കി‌‌ മാറ്റുന്നു.

∙ഏപ്രിൽ 8: ബിആർഎസിന് 15 കോടിയുടെ ബോണ്ട്‌ നൽകുന്നു.

∙ ജൂൺ 6: മദ്യനയത്തിൽ അഴിമതി‌ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി‌ നൽകുന്നു.

∙ ജൂലൈ 2: ബിജെപിക്കായി ഒന്നരക്കോടിയുടെ ബോണ്ട്‌ വാങ്ങുന്നു.

∙ ജൂലൈ 8: മദ്യനയത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലഫ്റ്റനന്റ് ‌ഗവർണർ വി.കെ. സക്സേനയ്ക്കു റിപ്പോർട്ട് നൽകുന്നു.

∙ ജൂലൈ 12: അരബിന്ദോയുടെ ബോണ്ടുകൾ ബിജെപി പണമാക്കി‌‌ മാറ്റുന്നു.

∙ നവംബർ 10: അഴിമതിക്കേസിൽ ശരത് റെഡ്ഡി‌യെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു.

∙ നവംബർ 15: അറസ്റ്റ് കഴിഞ്ഞ് അഞ്ചാം ദിവസം ബിജെപിക്കായി അരബിന്ദോ 5 കോടിയുടെ ബോണ്ട്‌‌ വാങ്ങുന്നു.

∙ 2023 മേയ് 8: ആരോഗ്യകാരണങ്ങളാൽ ഡൽഹി ഹൈക്കോടതി റെഡ്ഡിക്കു ജാമ്യം നൽകുന്നു. മിക്ക കേസുകളിലും പ്രതികളുടെ ജാമ്യാപേക്ഷകൾ എതിർക്കുന്ന ഇ.ഡി ഇതിനെ എതിർത്തില്ലെന്നു മാത്രമല്ല, റെഡ്ഡിയുടെ‌ മെഡിക്കൽ റിപ്പോർട്ടിനെ ശരിവയ്ക്കുകയും കോടതിക്ക് ബോധ്യപ്പെട്ടാൽ ജാമ്യം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

∙ജൂൺ 1: മാപ്പുസാക്ഷിയാകാൻ റെഡ്ഡിയെ ഹൈക്കോടതി അനുവദിച്ചു. ഇ.ഡി‌ എതിർത്തില്ല.

∙ നവംബർ 8: ഒറ്റ‌ദിവസം കൊണ്ട് അരബിന്ദോയും 2 അനുബന്ധ കമ്പനികളും ബിജെപിക്കായി 50 കോടിയുടെ ബോണ്ടുകൾ വാങ്ങുന്നു – എപിഎൽ ഹെൽത്ത്കെയർ (10 കോടി), അരബിന്ദോ ഫാർമ (25 കോടി), യൂജിയ ഫാർമ (15 കോടി). നവംബർ 17ന് ബിജെപി ഇവ പണമാക്കി മാറ്റി.

English Summary:

Aam Aadmi Party said that Reddy's statement trapped Kejriwal in Delhi Liquor Policy Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com