ADVERTISEMENT

സിപിഎം ജയിച്ച കോയമ്പത്തൂർ തിരിച്ചെടുത്ത്  പകരം ഡിണ്ടിഗൽ കൊടുക്കാൻ ഡിഎംകെ പറഞ്ഞ പ്രധാന കാരണം ഒന്നുമാത്രം– കോയമ്പത്തൂരിൽ മത്സരം കടുക്കും. പിടിച്ചെടുക്കാൻ ഞങ്ങൾ തന്നെ വേണം. ബിജെപി തീപ്പൊരി നേതാവും സംസ്ഥാന അധ്യക്ഷനുമായ കെ.അണ്ണാമലൈയെ തന്നെ സ്ഥാനാർഥിയാക്കിയതോടെ ശ്രദ്ധേയമണ്ഡലമായി കോയമ്പത്തൂർ മാറി.   ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിൽ പിഎച്ച്ഡി നേടിയ ഗണപതി ബി.രാജ്കുമാർ (59) ആണു ഡിഎംകെ സ്ഥാനാർഥി.  അണ്ണാ ഡിഎംകെ വിട്ട് 4 വർഷം മുൻപു ഡിഎംകെയിൽ എത്തിയ നേതാവ്. സ്വന്തമായി സ്കൂളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. അണ്ണാ ഡിഎംകെയിലായിരിക്കെ 3 കൊല്ലം കോയമ്പത്തൂർ മേയറായിരുന്നു. 

സിങ്കൈ ജി.രാമചന്ദ്രനാണ് (36) അണ്ണാ ഡിഎംകെ സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ ഓർമയിൽ ‘രാമചന്ദ്രൻ’ എന്ന പേരിട്ടതു ജയലളിതയാണ്. ഐടി ജോലി വിട്ടു രാഷ്ട്രീയത്തിലെത്തി. ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന ഐടി വിങ് പ്രസിഡന്റ്. 

എൻജിനീയറിങ്ങും ഐഐഎമ്മിലെ മാനേജ്മെന്റ് പഠനവും കഴിഞ്ഞ് ഐപിഎസ് നേടി കർണാടക കേഡറിൽ ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ (39) അത് ഉപേക്ഷിച്ചാണു രാഷ്ട്രീയത്തിലെത്തിയത്. ബിജെപിയിൽ ചേർന്ന ശേഷം കോയമ്പത്തൂരിലാണു താമസമാക്കിയത്. വളരെ വേഗം പാർട്ടി സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈ നടത്തിയ ‘എൻ മൺ, എൻ മക്കൾ യാത്ര’ വലിയ ചർച്ചയായി. 

മാറുന്ന സമവാക്യങ്ങൾ

കോയമ്പത്തൂർ ഉൾപ്പെടുന്ന കൊങ്കുനാട് അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേ‍ായമ്പത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 6 മണ്ഡലങ്ങളിലും ഡിഎംകെ തോറ്റു. എന്നാൽ, സംസ്ഥാന ഭരണം പിടിച്ച സ്റ്റാലിൻ കൊങ്കുനാട് മേഖലയെ വരുതിയിൽ കൊണ്ടുവരാനായി  സെന്തിൽ ബാലാജിയെ നിയോഗിച്ചു. ‘ഓപ്പറേഷൻ വെസ്റ്റേൺ ബെൽറ്റി’നെ  തുടർന്നു നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഡിഎംകെ വൻ വിജയം നേടി. 

സെന്തിൽ ബാലാജിയുടെ സ്വന്തം നാടായ കരൂർ ജില്ലയിലെ അറുവാക്കുറിച്ചിയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ച അണ്ണാമലൈ ദയനീയമായി പരാജയപ്പെട്ടു. കോയമ്പത്തൂർ കോർപറേഷനിലെ ഭരണത്തിലടക്കം ഡിഎംകെ വലിയ ആധിപത്യം നേടിയതും സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഏറ്റുവാങ്ങാൻ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. 

സ്റ്റാലിന്റെ തന്ത്രങ്ങൾ

കെ‍ാങ്കുനാട് മേഖലയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ട് ഒട്ടേറെ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചതും മന്ത്രിമാരായ ടിആർബി രാജയ്ക്കും എസ്.മുത്തുസ്വാമിക്കും പ്രചാരണത്തിന്റെ ചുമതല നൽകിയതും ഡിഎംകെയുടെ ലക്ഷ്യം വ്യക്തമാക്കുന്നു. കോയമ്പത്തൂരിൽ സ്വാധീനമുണ്ടാക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത കമൽഹാസൻ മുന്നണിക്കൊപ്പം ചേർന്നതും നേട്ടമാകും. 

തിരഞ്ഞെടുപ്പിനു മുൻപ് സെന്തിൽ ജയിലിൽ നിന്നിറങ്ങിയാൽ ഡിഎംകെയ്ക്ക് കരുത്തു കൂടുമെന്നും ഉറപ്പ്. 

ബിജെപിയുടെ ലക്ഷ്യം

ജയലളിതയുടെ മരണവും തുടർന്നുണ്ടായ പിളർപ്പുമാണു മേഖലയിൽ അണ്ണാ ഡിഎംകെയ്ക്കു തിരിച്ചടിയായത്. അതു പ്രയോജനപ്പെടുമെന്നാണു ബിജെപിയുടെ വിശ്വാസം. മുൻപില്ലാത്ത വിധം താഴെത്തട്ടിൽ ആർഎസ്എസ് സജീവമാണ്.  ഉത്തരേന്ത്യൻ വോട്ടുകളും പ്രതീക്ഷിക്കുന്നു. 

കോയമ്പത്തൂരിൽ 1998 ൽ എൽ.കെ.അഡ്വാനി പ്രസംഗിക്കാൻ എത്തുന്നതിനു തൊട്ടു മുൻപുണ്ടായ സ്ഫോടനപരമ്പരയിൽ 58 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ 1998, 99 തിരഞ്ഞെടുപ്പുകളി‍ൽ ബിജെപിയുടെ സി.പി.രാധാകൃഷ്‌ണൻ ഇവിടെ വിജയിച്ചു. മൂന്നാമൂഴത്തിൽ തോറ്റുവെങ്കിലും കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ ബിജെപി വോട്ട് വർധിപ്പിച്ചു. പഴയ സംഭവങ്ങൾ ഓർമിപ്പിച്ചു കൊണ്ട്, കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ റോഡ്ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫേ‍ാടനത്തിൽ കെ‍ാല്ലപ്പെട്ടവർക്കു പുഷ്പാഞ്ജലി അർപ്പിച്ചു. ആരുടെ തന്ത്രങ്ങളാണു ഫലിക്കുകയെന്ന് ഇനി കാത്തിരുന്നു കാണാം. 

English Summary:

Loksabha elections 2024 Coimbatore seat taken from CPM analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com