ADVERTISEMENT

ഈറോഡ് ∙ ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയും എംഡിഎംകെ നേതാവുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റി. 

അമിത അളവിൽ ഉറക്കഗുളിക കഴിച്ചതായാണു നിഗമനം. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തി. ആത്മഹത്യാശ്രമം ആണെന്നു കരുതുന്നു. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇപ്രാവശ്യം ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനൽകി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. 

എന്നാൽ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസ്സുകാരനായ എംപി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി. ഡിഎംകെ, ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി എംപിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇന്ത്യ മുന്നണി കൺവൻഷനിൽ പങ്കെടുത്തിരുന്നു. 

English Summary:

MP A Ganeshamurthi made a suicide attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com