ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ആംആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. ഡൽഹി ഷഹീദി പാർക്കിൽ നിന്ന് ഐടിഒയിലെ പാർട്ടി ഓഫിസിലേക്കു മാർച്ച് ചെയ്ത പ്രവർത്തകരെ പൊലീസ് തടഞ്ഞു.

ബാരിക്കേഡുകൾ മറികടന്നു മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി കയ്യാങ്കളിയായി. പ്രതിഷേധത്തിനിടെ മന്ത്രി അതിഷിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചുവെങ്കിലും പ്രവർത്തകർ തടഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ ഭാഗമായി. 

ഇതിനിടെ, ഐടിഒയിലെ എഎപി ഓഫിസിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞുവെന്നാരോപിച്ചു നേതാക്കൾ രംഗത്തെത്തി. ഓഫിസ് പൊലീസ് സീൽ ചെയ്തുവെന്നും വിഷയം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ഉന്നയിക്കുമെന്നും ഇവർ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെയും ലക്ഷ്യമിട്ട് ബിജെപി നീക്കം

ചണ്ഡിഗഡ് ∙ കേജ്‌രിവാളിനു പിന്നാലെ എഎപിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ഭഗവന്ത് മാനെയും ബിജെപി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. ഡൽഹി മാതൃകയിലാണ് പഞ്ചാബിലും മദ്യനയം രൂപീകരിച്ചതെന്നാണ് ആരോപണം. നയം രൂപീകരിക്കാനായി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയും പങ്കെടുത്തതായി ചൂണ്ടിക്കാട്ടുന്നു.

English Summary:

Protest against the arrest of Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com