ADVERTISEMENT

ന്യൂഡൽഹി ∙ ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു അവകാശപ്പെട്ടു. ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ 2014 ലാണ് എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചു. 

ഇതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു. 2014 ൽ ന്യൂയോർക്കിൽ ഖലിസ്ഥാൻ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണു ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കേജ്‌രിവാൾ നടത്തിയതെന്നാണു വിശദീകരണം. 

ലുധിയാനയിൽ എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളർ, ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് എസ്.എസ്. സൈനിയെ വധിക്കാൻ 1991 ഓഗസ്‌റ്റ് 29നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനീന്ദർ സിങ് ബിട്ടയെ വധിക്കാൻ ഡൽഹിയിൽ 1993 സെപ്‌റ്റംബർ 10നും നടത്തിയ ബോംബ് സ്‌ഫോടനങ്ങളിൽ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തൽ. നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഭുള്ളറുടെ ശിക്ഷ 2014 ൽ സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു. 

ജയിൽ മോചിതനാക്കണമെന്ന ഭുള്ളറുടെ അപേക്ഷ ഈ വർഷം ജനുവരിയിൽ തുടർച്ചയായി ഏഴാമത്തെ തവണയും തള്ളി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് 50 കോടിയിലേറെ രൂപ സംഭാവന സ്വീകരിച്ചുവെന്ന് ഈ വർഷമാദ്യം പന്നു ആരോപിച്ചിരുന്നു. പഞ്ചാബ് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ അമരീന്ദർ സിങ്ങും എഎപിക്കു ഖലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. 

English Summary:

Gurpatwant Singh Pannun says crores given to Aam Aadmi party for release of Khalistan Terrorist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com