ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയപാത, പൈപ്പ് ലൈൻ പദ്ധതികൾ തുടങ്ങിയവയ്ക്കായി കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പാരിസ്ഥികാനുമതി വേണ്ടെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനു തിരിച്ചടി. ഇതു സംബന്ധിച്ച് വനം, പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന പരിഷ്ക്കരിച്ച വിജ്ഞാപനവും അതിലെ ആറാം വകുപ്പും ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി. ഇളവു നൽകാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി മുതൽ വ്യവസ്ഥകളിലെ അവ്യക്തത വരെ ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ അഭയ് എസ്. ഓക്ക, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഫലത്തിൽ, ഇത്തരം പദ്ധതികൾക്കും പാരിസ്ഥിതികാനുമതി വേണമെന്ന സ്ഥിതി തിരിച്ചുവന്നു. 

റോഡ്, പൈപ്പ് ലൈൻ തുടങ്ങിയ വികസന പദ്ധതികൾക്കായി (ലീനിയർ പ്രോജക്ട്സ്) മണ്ണെടുക്കുന്നതിനും ഭൂമി തുരക്കുന്നതിനും മുൻകൂർ പാരിസ്ഥിതികാനുമതി വേണ്ടെന്ന വിജ്ഞാപനമാണ് കേസിലേക്കു നയിച്ചത്. 2006 ലെ പാരിസ്ഥിതികാഘാത നിർണയ വിജ്ഞാപനത്തിൽ ഇതിനായി കേന്ദ്ര സർക്കാർ 2020 മാർച്ച് 28നു ഭേദഗതി കൊണ്ടു വന്നു. അതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ നോബിൾ എം. പൈകട നടത്തിയ നിയമപോരാട്ടത്തിനാണ് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചത്. 

വിജ്ഞാപനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. വിജ്ഞാപനം പുനഃപരിശോധിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും 3 മാസത്തെ സാവകാശം ട്രൈബ്യൂണൽ സർക്കാരിനു നൽകി. എന്നാൽ, വിവാദ വ്യവസ്ഥ നിലനിർത്തിക്കൊണ്ടു ചില മാർഗരേഖകൾ കൊണ്ടുവരികയാണു കേന്ദ്രം ചെയ്തത്. അതിനായി 2023 ഓഗസ്റ്റ് 30നു പുതിയ വിജ്ഞാപനമിറക്കി. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. 

സുപ്രീം കോടതിയുടെ കണ്ടെത്തലുകൾ: 

∙ വിജ്ഞാപനം ഇറക്കും മുൻപു കരടു പ്രസിദ്ധീകരിക്കുകയും പൊതുജനാഭിപ്രായം പരിഗണിക്കുകയും വേണമായിരുന്നു. 

∙ മാലിന്യരഹിത പരിസ്ഥിതി ഭരണഘടനാ അവകാശമാണ്. പരിസ്ഥിതി കാര്യങ്ങളിൽ പൗരർ പ്രധാനഘടകമാണ്. 

∙ 2006 ലെ വിജ്ഞാപന പ്രകാരം, ഇത്തരം പദ്ധതികൾക്കും പാരിസ്ഥിതികാനുമതി ആവശ്യമാണ്. ഇളവു നൽകുന്നുവെന്നു പറയുമ്പോൾ എത്രത്തോളം എന്നതിലടക്കം വ്യക്തത വേണം. 

∙ ലീനിയർ പ്രോജക്ട് എന്നു വിശേഷിപ്പിച്ചിരിക്കുന്നതല്ലാതെ ഏതെല്ലാം വികസന പദ്ധതികൾ അതിനു കീഴിൽ വരുമെന്നു നിർവചിച്ചിട്ടില്ല. 

∙ നിശ്ചിത പദ്ധതിക്ക് ഇളവിന് അർഹതയുണ്ടോയെന്നു തീരുമാനിക്കേണ്ട അതോറിറ്റിയാരെന്നു വ്യക്തമല്ല.

ലോക്ഡൗണിനിടെ, ധൃതി എന്തിന് ?

കോവിഡിനെ തുടർന്നു രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഇളവുമായി വിജ്ഞാപനം കൊണ്ടുവന്നതിലെ ദുരൂഹതയെക്കുറിച്ചും സുപ്രീം കോടതി ഉത്തരവിൽ പരാമർശമുണ്ട്. ദേശീയപാത, പൈപ്പ് ലൈൻ പദ്ധതികൾ ആ ഘട്ടത്തിൽ നിലച്ചിരുന്നതാണെന്നും ധൃതിപിടിച്ചു ഭേദഗതി കൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നില്ലെന്നുമാണു കോടതിയുടെ നിരീക്ഷണം.

English Summary:

National highway and pipeline projects: Supreme Court says environment clearance is mandatory for taking soil from hills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com