ADVERTISEMENT

ചെന്നൈ ∙ പേരിൽ തമിഴ് ചേർത്തുവച്ച രണ്ടു വനിതകൾ. രണ്ടുപേരും കലാകാരികൾ. തമിഴച്ചി തങ്കപാണ്ഡ്യനും തമിഴിസൈ സൗന്ദർരാജനും ഏറ്റുമുട്ടുന്ന ചെന്നൈ സൗത്ത് ഇത്തവണ താരപരിവേഷത്തിലാണ്. ഡിഎംകെയുടെ സിറ്റിങ് എംപിയാണു തമിഴച്ചി തങ്കപാണ്ഡ്യൻ (61). ഭരതനാട്യം നർത്തകി, കവി, നടി, ഇംഗ്ലിഷ് പ്രഫസർ, എഴുത്തുകാരി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുണ്ട് തമിഴച്ചിക്ക്. ഇരുപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പിതാവ് വി. തങ്കപാണ്ഡ്യൻ മന്ത്രിയായിരുന്നു. സഹോദരൻ തങ്കം തെന്നരശ് സംസ്ഥാന ധനമന്ത്രിയാണ്.

സുമതി എന്ന പേര് തമിഴച്ചി എന്നാക്കിയതു കലൈഞ്ജർ എം.കരുണാനിധിയാണ്. ഡിഎംകെ ഇത്തവണ സീറ്റ് കൊടുത്ത 3 വനിതകളിലൊരാളാണു തമിഴച്ചി. കഴിഞ്ഞ തവണ 5.64 ലക്ഷത്തിലേറെ വോട്ടു നേടി (2.62 ലക്ഷം ഭൂരിപക്ഷം) അണ്ണാഡിഎംകെ സിറ്റിങ് എംപി ഡോ.ജെ. ജയവർധനെയാണു തോൽപിച്ചത്. രാഷ്ട്രീയത്തിലെ വിരമിക്കലാണ് ഗവർണർ പദവി എന്ന പതിവ് മാറ്റിയാണ് തമിഴിസൈ സൗന്ദർരാജന്റെ (62) വരവ്. തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്.ഗവർണർ സ്ഥാനങ്ങൾ രാജിവച്ചാണു ബിജെപി സ്ഥാനാർഥിയായത്.

തമിഴ്നാട്ടിലെ ബിജെപിയുടെ ആദ്യ വനിതാ സംസ്ഥാന അധ്യക്ഷയായിരുന്നു. സംസ്ഥാന കോൺഗ്രസിന്റെ മുൻ അധ്യക്ഷനും മുൻ എംഎൽഎയുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ മദ്രാസ് മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തുടങ്ങിയതാണു സംഘടനാ പ്രവർത്തനം. പിന്നീടു ചെന്നൈയിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ കനിമൊഴിയും തമിഴിസൈയും തമ്മിലുള്ള മത്സരം ദേശീയ ശ്രദ്ധയാകർഷിച്ചു. 3 ലക്ഷത്തോളം വോട്ടിനു പരാജയപ്പെട്ടെങ്കിലും പ്രചാരണ രംഗത്തു തമിഴിസൈ ഓളമുണ്ടാക്കി. നാഗർകോവിൽ സ്വദേശിയായ തമിഴിസൈ പ്രധാനമന്ത്രി മോദിയെക്കുറിച്ച് ‘സ്വീറ്റ് ഡ്രോപ്‌സ് ഓഫ് ടീ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ 3 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏറ്റവും വലുതായ ഇവിടെ 20 ലക്ഷം വോട്ടർമാരുണ്ട്. ലോക്സഭാ മണ്ഡല പരിധിയിൽ വരുന്ന 6 നിയമസഭാ മണ്ഡലങ്ങളും ഡിഎംകെ സഖ്യത്തിന്റെ കയ്യിലായതിനാൽ സ്വാഭാവിക മുൻതൂക്കമുണ്ട്.

English Summary:

Tamil wins in Chennai South in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com