ആദായ നികുതി: കോൺഗ്രസിന്റെ ഹർജി വീണ്ടും തള്ളി

Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് നൽകേണ്ട ആദായനികുതി പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരെ നൽകിയ പുതിയ ഹർജിയും ഡൽഹി ഹൈക്കോടതി തള്ളി. 2017–21 ലെ നികുതി പുനർനിർണയിക്കാനുള്ള നീക്കമാണ് പുതിയ ഹർജിയിൽ ചോദ്യം ചെയ്തത്.
2014–17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജി നേരത്തേ തള്ളിയിരുന്നു. മൂല്യനിർണയത്തിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കോൺഗ്രസ് ഹർജി നൽകിയതെന്നതും നികുതി നിർണയിച്ചതു പുനഃപരിശോധിക്കാനുള്ള തെളിവുകൾ ആദായനികുതി വകുപ്പിന്റെ പക്കലുണ്ടെന്നും ജഡ്ജിമാരായ യശ്വന്ത് വർമ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യഹർജിയും തള്ളിയത്.
തിരിച്ചടയ്ക്കാനുള്ള 100 കോടിയിൽപരം രൂപ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പു നൽകിയ നോട്ടിസ് കോൺഗ്രസ് ആദായനികുതി അപ്‌ലറ്റ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. അതേസമയം, പുതിയ സാഹചര്യത്തിൽ വീണ്ടും ട്രൈബ്യൂണലിൽ ഹർജി നൽകാനും ഇതു പെട്ടെന്നു പരിഗണിച്ചു തീർപ്പുണ്ടാക്കാനും ഹൈക്കോടതി നിർദേശിച്ചു.