ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസിനും ദളിനും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ‘വീട്ടുകാര്യം’ കൂടിയാണ്. മന്ത്രിമാരുടെയോ മുതിർന്ന നേതാക്കളുടെയോ മക്കൾ, സഹോദരി, ഭാര്യ, കൊച്ചുമക്കൾ എന്നിവരുടെ പട്ടികയിലുള്ളത് 17 പേർ! ജനതാദൾ– എസ് മത്സരിക്കുന്ന 3 സീറ്റിൽ രണ്ടിലും കുടുംബാംഗങ്ങൾ തന്നെ. മണ്ഡ്യയിൽ എൻഡിഎ മുന്നണി സ്ഥാനാർഥിയായി ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി മത്സരിക്കും. പാർട്ടി ദേശീയാധ്യക്ഷൻ ദേവെഗൗഡയുടെ പേരക്കുട്ടിയായ   പ്രജ്വൽ രേവണ്ണ ഹാസനിൽ സ്ഥാനാർഥിയാകും. ദളിന്റെ മൂന്നാം സീറ്റായ കോലാറിലെ സ്ഥാനാർഥിയെ കുമാരസ്വാമി പിന്നീട് തീരുമാനിക്കും. 

 ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് എം. പട്ടേലാകട്ടെ, അന്തരിച്ച കോൺഗ്രസ് എംപി ജി.പുട്ടസ്വാമി ഗൗഡയുടെ കൊച്ചുമകൻ. ദേവെഗൗഡയുടെ മകളുടെ ഭർത്താവ് ഡോ. സി.എൻ.മഞ്ജുനാഥ് സഖ്യകക്ഷിയായ ബിജെപിയുടെ ടിക്കറ്റിൽ ബെംഗളൂരു റൂറലിൽ മത്സരിക്കുക കൂടി ചെയ്യുമ്പോൾ കുടുംബത്തിൽ സ്ഥാനാർഥികൾ 3. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനും സിറ്റിങ് എംപിയുമായ ഡി.കെ.സുരേഷ് ആണ് മഞ്ജുനാഥിന്റെ എതിരാളി.

ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയുടെ മകൻ രാഘവേന്ദ്ര ഇത്തവണയും സ്ഥാനാർഥിയാണ്. മറ്റൊരു മകൻ വിജയേന്ദ്രയാണ് കർണാടക ബിജെപി അധ്യക്ഷൻ. കോൺഗ്രസ് പട്ടികയിൽ 5 മന്ത്രിമാരുടെ മക്കൾ, ഒരു മന്ത്രിയുടെ ഭാര്യ, മറ്റൊരു മന്ത്രിയുടെ സഹോദരി എന്നിങ്ങനെ കുടുംബക്കാരുണ്ട്.

മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോഡി), വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), ടെക്സ്റ്റയിൽ മന്ത്രി ശിവാനന്ദ പാട്ടീലിന്റെ മകൾ സംയുക്ത എസ്.പാട്ടീൽ (ബാഗൽക്കോട്ട്), വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദർ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്) എന്നിവരാണു മറ്റ് മക്കൾ താരങ്ങൾ.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും മകളുടെ ഭർത്താവ് രാധാകൃഷ്ണ ദൊഡ്ഡമണി കലബുറഗിയിൽ പോരിനുണ്ട്. ഖർഗെയുടെ മകൻ പ്രിയങ്ക് കർണാടക ഐടിബിടി മന്ത്രിയാണ്. ഖനി മന്ത്രി എസ്.എസ്. മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുന ദാവനഗെരെയിൽ മാറ്റുരയ്ക്കും. മുതിർന്ന കോൺഗ്രസ് നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരുമകൾ കൂടിയാണ് പ്രഭ. ശിവമൊഗ്ഗയിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാറാണ് കളത്തിൽ. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമാണ് ഗീത.

രാജ്യസഭാ മുൻ ഉപാധ്യക്ഷൻ കെ.റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ബെംഗളൂരു സെൻട്രലിൽ മാറ്റുരയ്ക്കും. ചിക്കോഡിയിൽ മുൻ ബിജെപി മന്ത്രി ശശികലാ ജ്വല്ലെയുടെ ഭർത്താവ് അന്നാസാഹേബ് ജ്വല്ലെയാണ് ബിജെപി സ്ഥാനാർഥി. ദാവനഗെരെയിൽ സിറ്റിങ് എംപി ജി.എം.സിദ്ദേശ്വരയ്ക്കു പകരം ഭാര്യ ഗായത്രിക്കും പാർട്ടി സീറ്റ് നൽകി. ദൾ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

English Summary:

Karnataka, Lok Sabha election 2024 is also a home affair for Congress and Janata Dal (Secular)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com