തട്ടിപ്പുകാർ ദുരുപയോഗിക്കുന്നു; ഏപ്രിൽ 15 മുതൽ *401# വഴി കോൾ ഫോർവേഡിങ് ഇല്ല
Mail This Article
ന്യൂഡൽഹി ∙ മൊബൈൽ ഫോണിൽ *401# ഡയൽ ചെയ്ത് കോൾ ഫോർവേഡിങ് ഏർപ്പെടുത്താനുള്ള സംവിധാനം ഏപ്രിൽ 15 മുതൽ നിർത്തിവയ്ക്കാൻ ടെലികോം കമ്പനികളോടു കേന്ദ്രം ഉത്തരവിട്ടു. സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനാലാണിത്. *401# ഡയൽ ചെയ്തു നിലവിൽ കോൾ ഫോർവേഡിങ് ഉപയോഗിക്കുന്നവർ മറ്റു മാർഗങ്ങളിലൂടെ ഇത് റീ–ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഏപ്രിൽ 15ന് ശേഷം ഉപയോഗിക്കാനാവൂ. നമ്മുടെ ഫോണിലേക്കു വരുന്ന കോളുകൾ മറ്റൊരു നമ്പറിലേക്ക് തിരിച്ചുവിടുന്നതാണ് ‘കോൾ ഫോർവേഡിങ്’.
തട്ടിപ്പെങ്ങനെ?
ടെലികോം കമ്പനിയുടെ കസ്റ്റമർ കെയറിൽ നിന്നെന്ന മട്ടിൽ തട്ടിപ്പുകാർ ഫോണിൽ വിളിക്കും. നിങ്ങളുടെ സിം കാർഡിനു കുഴപ്പമുണ്ടെന്നു പറഞ്ഞാകും ഒരുപക്ഷേ കോൾ എത്തുക. ഇതു പരിഹരിക്കാനായി *401# എന്ന കോഡും ഒപ്പം ഒരു മൊബൈൽ നമ്പറും ചേർത്ത് ഡയൽ ചെയ്യാൻ ആവശ്യപ്പെടും. ഇത് ഡയൽ ചെയ്താൽ നിങ്ങൾക്കുള്ള കോളുകളെല്ലാം തട്ടിപ്പുകാരന്റെ ഫോണിലെത്തും.