‘ജനാധിപത്യത്തെ രക്ഷിക്കൂ’: ഇന്ത്യാസഖ്യം ഏകസ്വരത്തിൽ, ഐക്യ കാഹളവുമായി തൃണമൂൽ ഉൾപ്പെടെ ഇരുപതിലേറെ പാർട്ടികൾ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനം. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ മുദ്രാവാക്യവുമായി നടന്ന റാലിയും സമ്മേളനവും പ്രതിപക്ഷ പാർട്ടികളുടെ ഐക്യ കാഹളമായി. ഇരുപതിലേറെ പാർട്ടികളുടെ പ്രതിനിധികൾ അണിനിരന്ന ആദ്യ പൊതുസമ്മേളനത്തിൽ, ബംഗാളിലെ സീറ്റുവിഭജനത്തെച്ചൊല്ലി ഉടക്കിനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രതിനിധികളും പങ്കെടുത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന, എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന്റെ ഭാര്യ അനിത എന്നിവരെല്ലാം പങ്കെടുത്ത സമ്മേളനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ശിവസേന (ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെ, എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഖുറം അനീസ് ഉമ്മർ, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ, തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ തുടങ്ങിയവർ പങ്കെടുത്തു. ആർഎസ്‌പിയും േകരള കോൺഗ്രസും പിന്തുണ അറിയിച്ചിരുന്നു.
കേജ്‌രിവാളിന്റെയും സോറന്റെയും അറസ്റ്റിനെതിരെ ആഞ്ഞടിച്ച നേതാക്കൾ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും രൂക്ഷവിമർശനമുയർത്തി. ‘ഏകാധിപത്യം അവസാനിപ്പിക്കുക’ എന്ന സന്ദേശം സമ്മേളനത്തിൽ മുഴങ്ങിനിന്നു. ഡൽഹി രാംലീല മൈതാനത്തു നടന്ന സമ്മേളനത്തിൽ ഹരിയാന, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി ലക്ഷങ്ങളെത്തി. തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ 5 ആവശ്യങ്ങൾ ഉന്നയിച്ച സമ്മേളനത്തിൽ കേജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചു. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ രാജ്യം മുഴുവൻ പാവപ്പെട്ടവർക്കു സൗജന്യ വൈദ്യുതി തുടങ്ങി 6 വാഗ്ദാനങ്ങളും അവതരിപ്പിച്ചു.