മദ്യനയ അഴിമതി കേസ്: ഇ.ഡി കസ്റ്റഡി അവസാനിച്ചു; കേജ്‌രിവാൾ തിഹാർ ജയിലിൽ

Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് തിഹാർ ജയിലിലടച്ചു. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്‌രിവാളിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡി അവസാനിച്ചതോടെയാണ് റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡി ആവശ്യപ്പെടാതിരുന്ന ഇ.ഡി, അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ അത് അനുവദിച്ചു.
വൈദ്യ പരിശോധനയുൾപ്പെടെ പൂർത്തിയാക്കി വൈകിട്ടു നാലോടെ അദ്ദേഹത്തെ തിഹാറിലെത്തിച്ചു. ജയിൽ പരിസരത്തു റോഡിൽ പ്രതിഷേധിച്ച എഎപി പ്രവർത്തകരെ ഒഴിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയെ ജയിലിൽ പ്രവേശിപ്പിച്ചത്. 200 ലേറെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിഹാറിലെ രണ്ടാം നമ്പർ ജയിലിൽ ഒറ്റയ്ക്കായിരിക്കും അദ്ദേഹത്തെ താമസിപ്പിക്കുക. മദ്യനയക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാംഗം സഞ്ജയ് സിങ്, ബിആർഎസ് നേതാവ് കെ.കവിത, മറ്റൊരു സാമ്പത്തിക തിരിമറിക്കേസിൽ അറസ്റ്റിലായ എഎപി മുൻമന്ത്രി സത്യേന്ദർ ജെയിൻ എന്നിവരും തിഹാറിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ചെയ്യുന്നതു രാജ്യത്തിന് ഗുണം ചെയ്യില്ലെന്നു പറഞ്ഞാണ് കേജ്‌രിവാൾ ഇന്നലെ കോടതിമുറിയിലേക്കു കയറിപ്പോയത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്ത് അദ്ദേഹം നൽകിയ ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.
കേജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയവരും കോടതിയിലെത്തിയിരുന്നു. അന്വേഷണത്തോടു കേജ്‌രിവാൾ ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയിൽ പറഞ്ഞു. അറസ്റ്റിലായ ദിവസം മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത കേജ്‌രിവാൾ ഇ.ഡി ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ്‌വേഡ് നൽകാൻ കൂട്ടാക്കിയില്ലെന്നും അറിയിച്ചു.
∙ ‘ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് അദ്ദേഹത്തെ ജയിലിലടയ്ക്കണം എന്ന ലക്ഷ്യം മാത്രമാണു ബിജെപിക്കുള്ളത്. അദ്ദേഹത്തെ 11 ദിവസം ചോദ്യം ചെയ്തു. കോടതി ഇനിയും കുറ്റക്കാരനെന്നു വിധിച്ചിട്ടില്ല. പിന്നെയുമെന്തിനാണു ജയിലിലടച്ചത്? ഈ ഏകാധിപത്യത്തിനു ജനങ്ങൾ ഉചിതമായ മറുപടി നൽകും. അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ.’