ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യ നയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിലേക്കു കയറിയതിന്റെ പിറ്റേന്ന് എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് അതേ കേസിൽ ജാമ്യം ലഭിച്ചത് ബിജെപിക്ക് ചെറുതല്ലാത്ത തിരിച്ചടിയാണ്. സ്വഭാവികമായും, അത് അംഗീകരിക്കാൻ ബിജെപി തയാറാവില്ലെന്നു മാത്രം.

മുതിർന്ന നേതാക്കളെല്ലാം ജയിലിലായത് എഎപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെ ബാധിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. അതിനാൽ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമില്ലാതെയുള്ള ജാമ്യം പാർട്ടിക്ക് വലിയ ആശ്വാസമാകുന്നു. 

ജാമ്യം അനുവദിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ അന്വേഷണ ഏജൻസിയുടെയും ജുഡീഷ്യറിയുടെയും നിഷ്പക്ഷതയ്ക്കു തെളിവായി കാണണമെന്നാണു ബിജെപി വ്യക്തമാക്കിയത്. അന്വേഷണ ഏജൻസികൾ പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് ഇനി എഎപിക്ക് വാദിക്കാനാവില്ലെന്നും ബിജെപി വക്താവ് ഷെഹ്സാദ് പുനാവാല അവകാശപ്പെട്ടു. 

സത്യത്തിന്റെ വിജയമെന്നാണു കോടതിയുടെ തീരുമാനത്തെക്കുറിച്ച് മന്ത്രി അതിഷി ഉൾപ്പെടെയുള്ള എഎപി നേതാക്കളുടെ പ്രതികരണം. സത്യത്തെ മൂടിവയ്ക്കാം; എന്നാൽ, തുടച്ചുമാറ്റാനാവില്ലെന്നും പറഞ്ഞ നേതാക്കൾ ‘ജയ് ബജ്റംഗ് ബലി’ എന്നും പറഞ്ഞു. മദ്യ നയ കേസിൽ തങ്ങൾ പണമുണ്ടാക്കിയെന്നാണ് ആരോപണമെങ്കിൽ ആ പണമെവിടെ എന്ന് എഎപി തുടക്കംമുതലേ ചോദിച്ചിരുന്നു. സഞ്ജയ് സിങ്ങിന്റെ കാര്യത്തിൽ അന്വേഷകർക്ക് ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇന്നലെ സുപ്രീം കോടതി പറഞ്ഞത്. 

ഉത്തർ പ്രദേശിലെ സുൽത്താൻപുരിൽനിന്നുള്ള സഞ്ജയ് സിങ്, എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. 2006 മുതൽ അവകാശ പ്രക്ഷോഭങ്ങളിലും അഴിമതി വിരുദ്ധ സമരങ്ങളിലും അരവിന്ദ് കേജ്‌രിവാളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2018ൽ ആദ്യമായി രാജ്യസഭാംഗമായ സഞ്ജയ് സിങ് സഭയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായി ശബ്ദിച്ചു. കഴിഞ്ഞ വർഷം സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ‘സിംഹം’ എന്നാണ് എഎപിക്കാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. 

ഒന്നാം നിര നേതാക്കൾക്കു പിന്നാലെ താനുൾപ്പെടെയുള്ള രണ്ടാം നിര നേതാക്കളെയും ജയിലിലാക്കാൻ നീക്കമെന്ന്  അതിഷി ആരോപിച്ച് ഏതാനും മണിക്കൂറുകൾക്കകമാണു കോടതി ഉത്തരവു വന്നത്. കേസ് അടിസ്ഥാനമില്ലാത്തതെന്ന വാദം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉന്നയിക്കാൻ ഇനി എഎപി സഞ്ജയ് സിങ്ങിന് അനുകൂലമായ ഉത്തരവു പ്രയോജനപ്പെടുത്തും.    

സഞ്ജയ് സിങ് മദ്യനയ അഴിമതിയിൽ പണമുണ്ടാക്കിയെന്നും നയരൂപീകരണത്തിന്റെ ഭാഗമായ ഗൂഢാലോചനയിൽ ഉൾപ്പെട്ടെന്നുമായിരുന്നു ഇ.ഡി നേരത്തെ വാദിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള കേസിൽ ആരോപണമുണ്ടെന്ന് ആദ്യ നോട്ടത്തിൽ മനസിലാവുന്നതെന്നാണ് ജാമ്യം നിഷേധിച്ചപ്പോൾ റൗസ് അവന്യു കോടതി പറഞ്ഞത്. കേസ് ആദ്യ ഘട്ടത്തിലാണെന്നും വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും നീതിപൂർവകമായ അന്വേഷണമെന്ന ഏജൻസിയുടെ ആവശ്യവും തമ്മിൽ സന്തുലനം ചെയ്തുള്ള തീരുമാനമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. 

സഞ്ജയ് സിങ് അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തീർത്തു പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്ക് ഇ.ഡിക്കു മറുപടിയില്ലെന്ന സ്ഥിതിയാണു കണ്ടത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള പിഎംഎൽഎ നിയമത്തിലെ 45–ാം വകുപ്പു പ്രകാരമാണ് കോടതിയുടെ നടപടി.

English Summary:

Aam Aadmi Party leader Sanjay Singh got bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com