ADVERTISEMENT

കൊൽക്കത്ത ∙ എതിരില്ലാതെ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെടുന്നത് മറ്റു സ്ഥലങ്ങളിൽ അത്യപൂർവമെങ്കിൽ അരുണാചൽ പ്രദേശിൽ അതു പതിവാണ്. 2014 ൽ കോൺഗ്രസിന്റെ 11 പേരാണ് എതിരില്ലാതെ നിയമസഭയിലെത്തിയത്. ആ റെക്കോർഡ് തകർക്കാൻ ഇത്തവണ ബിജെപിയുടെ 10 എംഎൽഎമാരുടെ ‘വാക്കോവറി’ന് കഴിഞ്ഞിട്ടില്ല. 5 സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലായിരുന്നെങ്കിൽ മറ്റ് 5 മണ്ഡലങ്ങളിൽ പത്രിക പിൻവലിക്കാനുള്ള അവസാനദിനത്തിൽ എതിർ സ്ഥാനാർഥികൾ പിന്മാറി. മുൻപും മുഖ്യമന്ത്രി പേമാ ഖണ്ഡു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. 

പണമെറിഞ്ഞ് അധികാരം

അനവധി സവിശേഷതകൾ അരുണാചൽ പ്രദേശും നാഗാലാൻഡും ഉൾപ്പെടെയുള്ള കൊച്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കാണാം. കേന്ദ്രം ഭരിക്കുന്ന പാർട്ടികൾക്കൊപ്പം നിൽക്കുന്നതാണ് പൊതുരീതി. സ്വന്തമായി വരുമാനമാർഗമില്ലാത്ത ഈ സംസ്ഥാനങ്ങളുടെ പ്രധാന ആശ്രയം കേന്ദ്രസഹായമാണ്. പണാധിപത്യവും സ്വതന്ത്ര തിരഞ്ഞെടുപ്പു സംവിധാനങ്ങളെ അട്ടിമറിക്കുന്നു.

പരസ്യമായി അംഗീകരിക്കില്ലെങ്കിലും പണം കിട്ടിയാലേ ഒരുവിഭാഗം ജനങ്ങൾ വോട്ടു ചെയ്യൂ. ഡൽഹിയിലും മറ്റും പഠിക്കുന്ന വിദ്യാർഥികൾക്ക് വിമാനടിക്കറ്റും പാരിതോഷികവും നൽകുന്ന രീതിയുണ്ട്. ഗോത്രത്തലവൻമാർക്ക് സ്ഥാനാർഥികൾ വാഹനങ്ങൾ സമ്മാനിക്കാറുണ്ട്. കോടിക്കണക്കിനു രൂപയാണു സ്ഥാനാർഥികൾ ചെലവഴിക്കുന്നത്. ജയിച്ച സ്ഥാനാർഥികൾ കൂടുതൽ മെച്ചം കിട്ടിയാൽ അപ്പുറത്തേക്കു ചാടുമെന്നേയുള്ളു. സ്ഥാനാർഥികളെ പിൻവലിപ്പിക്കുന്നതിലും പണത്തിനു പങ്കുണ്ട്. പ്രചാരണത്തിനും മറ്റുമായി പണം ചെലവഴിക്കുന്നതിലും ലാഭം എതിരാളികളെ വേണ്ടവിധം കണ്ടു സ്ഥാനാർഥിത്വം പിൻവലിപ്പിക്കുന്നതാണ്. 

മുഖ്യമന്ത്രിയായിരുന്ന വ്യക്തി കോടികളുടെ സാമ്പത്തികഭാരം താങ്ങാനാകാതെ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്ത സംഭവവും സംസ്ഥാനത്ത് മാത്രമുള്ളതാണ്. 2014 ലെ തിരഞ്ഞെടുപ്പിനു ശേഷം വിമത എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രിയായ കാലിക്കോ പോൾ അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പോഴാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിയാകാൻ ചെലവഴിച്ച പണത്തിന്റെ ബാധ്യതയായിരുന്നു ആത്മഹത്യയ്ക്കു  കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. 

കൂറുമാറ്റം തുടർക്കഥ

കൂറുമാറ്റത്തിൽ അമ്പരപ്പിക്കുന്ന ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ കോൺഗ്രസ് 42 സീറ്റ് നേടിയിരുന്നു. ബിജെപിക്കു 11 സീറ്റ്.  നബാം തുക്കി നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ ഗവർണർ രാഷ്ട്രീയം കളിച്ചതോടെ വീണു. വിമത എംഎൽഎമാരുമായി കാലിക്കോ പോൾ മുഖ്യമന്ത്രിയായി. സുപ്രീം കോടതിയുടെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിൽ നബാം തുക്കിക്കു വീണ്ടും മുഖ്യമന്ത്രിക്കസേര ലഭിച്ചു. 

വിശ്വാസവോട്ടെടുപ്പിനു തൊട്ടുമുൻപ്, ഇന്നത്തെ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ നേതൃത്വത്തിൽ വിമത എംഎൽഎമാരെ ഉൾപ്പെടുത്തി മറ്റൊരു കോൺഗ്രസ് സർക്കാർ വന്നു. ദിവസങ്ങൾക്കകം കോൺഗ്രസ് എംഎൽഎമാർക്കൊപ്പം പേമാ ഖണ്ഡു പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിൽ ചേർന്നു. തൊട്ടുപിന്നാലേ ഇവർ ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. തിരഞ്ഞെടുപ്പു ജയിക്കാത്ത ബിജെപി കാലുമാറ്റത്തിലുടെ മാത്രം സർക്കാർ രൂപീകരിച്ചു. ഇതിനു പിന്നാലെയാണ് കാലിക്കോ പോൾ  ജീവനൊടുക്കിയത്.

നബാം തൂക്കി  മാത്രം ബാക്കി

കൊൽക്കത്ത ∙ആളും ആരവവും ഒഴിഞ്ഞ കോൺഗ്രസാണ് അരുണാചൽപ്രദേശിലെ പ്രതിപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 പേർ വിജയിച്ചെങ്കിലും മുൻ മുഖ്യമന്ത്രി നബാം തുക്കി ഒഴികെ എല്ലാവരും കൂറുമാറി. 7 സീറ്റിൽ ജയിച്ച ജനതാദൾ (യു), 5 സീറ്റിൽ ജയിച്ച എൻപിപി എന്നിവരുടെ എംഎൽഎമാരും ബിജെപിയിൽ ചേർന്നു. 

കോൺഗ്രസിന്റെ മുതിർന്ന നേതാവും യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന നിനോങ് എറിങും 6 തവണ എംഎൽഎയായിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ലോംബോ ടായെങ്ങും ഈയടുത്താണ് ബിജെപിയിൽ ചേർന്നത്. 60 അംഗ നിയമസഭയിലെ ബാക്കി 50 മണ്ഡലങ്ങളിലും സംസ്ഥാനത്തെ 2 ലോക്സഭാ മണ്ഡലങ്ങളിലും മത്സരം നടക്കും. അരുണാചലിൽ ഏകനായി നിൽക്കുന്ന കോൺഗ്രസിന്റെ നബാം തുക്കി ഇത്തവണ അരുണാചൽ വെസ്റ്റിൽ മത്സരിക്കുന്നു. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് എതിരാളി. 

English Summary:

Loksabha elections 2024 arunachal pradesh analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com