ADVERTISEMENT

എന്തുകൊണ്ട് ജയിലിൽ നിന്ന് ഭരണം നടത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ തീരുമാനിച്ചു? രാജിവച്ചാൽ അതൊരു അപകടകരമായ കീഴ്​വഴക്കമായി മാറുമെന്ന് ആംആദ്മി പാർട്ടി സർക്കാരിലെ നിലവിൽ രണ്ടാം സ്ഥാനത്തുള്ള മന്ത്രി അതിഷി പറയുന്നു. കേസിൽ കുടുങ്ങുന്ന മുഖ്യമന്ത്രിമാർ രാജിവയ്ക്കുകയാണെങ്കിൽ പ്രതിപക്ഷ സർക്കാരുകളെ വളരെ എളുപ്പം മറിച്ചിടാൻ ഈ കീഴ്​വഴക്കം കേന്ദ്രം ഭരിക്കുന്ന ബിജെപി ഉപയോഗിക്കുമെന്ന് ‘ദ് വീക്കി’ന് നൽകിയ അഭിമുഖത്തിൽ അതിഷി പറഞ്ഞു.

q കേജ്​രിവാളിന്റെ അറസ്റ്റ് പാർട്ടിയെ എങ്ങനെ ബാധിക്കും?

Aഞങ്ങളുടെ പാർട്ടിയല്ല വിഷയം. ഇന്ത്യൻ ജനാധിപത്യത്തിനു നേരെ ആക്രമണം നടന്നു എന്നതാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത ആദ്യ സംഭവമാണിത്. ‘ഓപ്പറേഷൻ ലോട്ടസ്’ വഴി താഴെയിറക്കാൻ കഴിയാത്ത സർക്കാരുകളെ പിടികൂടാൻ സിബിഐയും ഇ.ഡിയും വരുന്നു. നേതാക്കൾക്കെതിരെ ഒരു കേസെടുത്തിട്ട് റെയ്ഡ് നടത്തുകയും സമൻസ് അയയ്ക്കുകയും ചെയ്യുന്നു. നിങ്ങൾ ബിജെപിയിൽ ചേർന്നാൽ ‘ബിജെപി വാഷിങ് മെഷീൻ’ വെളുപ്പിച്ചെടുക്കും. പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബാൽ, ഹിമന്ത ബിശ്വശർമ എന്നിവരുടെ കാര്യം ഉദാഹരണം. 

q പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ അറസ്റ്റ് എങ്ങനെ ബാധിക്കും?

Aപാർട്ടിയുടെ മുൻനിര നേതാക്കളെല്ലാം ജയിലിൽ ആയശേഷവും രാംലീല മൈതാനത്ത് ഞങ്ങൾക്ക് ഉജ്വല റാലി നടത്താൻ കഴിഞ്ഞു. കഴിഞ്ഞ 10 ദിവസത്തെ ഒറ്റക്കെട്ടായ പ്രവർത്തനം പാർട്ടി ചിതറിപ്പോകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ്. കേജ്​രിവാളിന്റെ അറസ്റ്റ് ഞങ്ങൾക്ക് രാഷ്ട്രീയ– തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഗുണമേ ചെയ്തിട്ടുള്ളൂ. 

q ജനങ്ങളുടെ മനോഭാവം എന്താണ്?

Aഅറസ്റ്റ് വലിയ തെറ്റായി ജങ്ങൾ കാണുന്നു. സ്വന്തം കാര്യത്തിനു പണമുണ്ടാക്കുന്നയാളാണെങ്കിൽ സൗജന്യമായി വൈദ്യുതിയും മരുന്നും നല്ല സ്കൂളുകളും നൽകില്ലെന്ന് അവർക്കറിയാം. കേജ്​രിവാളിനെ വെറുമൊരു മുഖ്യമന്ത്രിയായിട്ടല്ല, കുടുംബാംഗമായിട്ടാണ് ഡൽഹിയിലെ വോട്ടർമാർ കാണുന്നത്.

q അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ വ്യക്തി അതിന്റെ പേരിൽ അറസ്റ്റിലായതിലെ വൈരുദ്ധ്യം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Aപ്രതിപക്ഷ നേതാക്കൾക്കെതിരെ അഴിമതി തടയൽ നിയമം അനുസരിച്ചല്ല, ജാമ്യം കിട്ടാൻ സാധ്യതയില്ലാത്ത കള്ളപ്പണം വെളുപ്പിക്കുന്ന നിയമം അനുസരിച്ചാണ് കേസെടുക്കുന്നത്. ഈ കേസുകൾ വിചാരണഘട്ടത്തിലേക്ക് പോയാൽ പണമിടപാട് നടന്നിട്ടില്ലെന്ന് തെളിയും. 2 കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. .

q മദ്യനയത്തിലെ മുഖ്യ സൂത്രധാരനാണ് കേജ്​രിവാൾ എന്നാണ് ഇ.ഡി പറയുന്നത്.

Aആദ്യം ശരത് റെഡ്ഡിയെ ആണ് ‘മുഖ്യ സൂത്രധാരൻ’ എന്ന് ഇ.ഡി വിശേഷിപ്പിച്ചത്. അറസ്റ്റിലായി 2 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം 5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് ബിജെപിക്ക് നൽകി. എന്നിട്ടും വിട്ടയച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ അരവിന്ദ ഫാർമ 50 കോടി രൂപയുടെ ബോണ്ടു കൂടി നൽകി. തുടർന്ന് കേജ്​രിവാളിനെതിരെ മൊഴി നൽകി. താമസിയാതെ ജാമ്യത്തിൽ വിട്ടു. മദ്യനയ കേസിൽ പണം ഏതെങ്കിലും പാർട്ടിക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് ശരത് റെഡ്ഡി ബിജെപിക്ക് നൽകിയതാണ്. ഇ.ഡി അതിന്റെ പേരിൽ കേസെടുത്ത് ജെ.പി.നഡ്ഡയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

q ജയിലിൽ നിന്ന് ഭരണം നടത്തുന്നതിൽ നിയമ, ഭരണഘടനാ പ്രശ്നങ്ങളില്ലേ?

Aഇല്ല. 2 വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമാണ് ജനപ്രതിനിധിയായി തുടരുന്നതിന് തടസ്സമുള്ളത്. നിയമസഭയുടെ വിശ്വാസം നഷ്ടപ്പെട്ടാൽ മുഖ്യമന്ത്രിയായി തുടരാനുമാവില്ല. കേജ്​രിവാളിന് ഈ തടസ്സങ്ങളില്ല.

q ഭാവി നീക്കങ്ങളെ എങ്ങനെ കാണുന്നു?

Aജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ കോടതികൾ തയാറാവും. ജനാധിപത്യം ഭീഷണി നേരിട്ടപ്പോഴൊക്കെ സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്. ഇലക്ടറൽ ബോണ്ട് വിഷയത്തിലും ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലും അതു നമ്മൾ കണ്ടതാണ്.

q സുനിത കേജ്​രിവാളോ അതിഷിയോ മുഖ്യമന്ത്രിയാകുമെന്ന വാർത്തകളുണ്ട്

Aഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ തന്നെയായിരിക്കും.

∙ മദ്യനയക്കേസിൽ പണം ഏതെങ്കിലും പാർട്ടിക്ക് പണം കിട്ടിയിട്ടുണ്ടെങ്കിൽ അതു ബിജെപിക്കാണ്. ജെ.പി.നഡ്ഡയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.- അതിഷി

English Summary:

Aam Aadmi Party leader Atishi says; Arvind Kejriwal will continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com