കശ്മീരിൽ 2 സീറ്റിലും മത്സരിക്കും: പിഡിപി
Mail This Article
ശ്രീനഗർ ∙ കശ്മീരിലെ 2 ലോക്സഭാ മണ്ഡലങ്ങളിലും പിഡിപി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി അറിയിച്ചു. പിഡിപി മത്സരിക്കില്ലെന്നും നാഷനൽ കോൺഫറൻസ് (എൻസി) സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും എൻസി ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടിയാലോചന നടത്താതെ ഒമർ നടത്തിയ പ്രസ്താവന പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചെന്നും എൻസി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ പിഡിപി തയാറല്ലെന്നും മെഹബൂബ പറഞ്ഞു.
പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ എൻസിയും പിഡിപിയും പരസ്പരം മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമായേക്കും. പിഡിപി കൂടി മത്സരത്തിനെത്തുന്നതോടെ അനന്ത്നാഗ്–രജൗറി മണ്ഡലത്തിൽ പോരാട്ടം കടുത്തതാകും. കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുണ്ടാക്കിയ ഗുലാം നബി ആസാദ് ഇവിടെ സ്ഥാനാർഥിയാണ്. കശ്മീരിൽ പോരടിക്കുമെങ്കിലും ജമ്മുവിലെ 2 സീറ്റുകളിൽ ഇന്ത്യാസഖ്യത്തിലെ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഇരുപാർട്ടികളും അറിയിച്ചിരുന്നു.