ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നു ജയിച്ച മറ്റ് 13 പേരും രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ മുൻപാകെയാണു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ഇതാദ്യമായാണ് സോണിയ രാജ്യസഭാംഗമാകുന്നത്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നു വിജയിച്ച സോണിയ ഇക്കുറി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നു വന്ന ഒഴിവിലാണ് സോണിയ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാധ്യക്ഷന്റെ ചേംബറിൽ നടന്ന ചടങ്ങിന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്, രാജ്യസഭയിലെ ബിജെപി കക്ഷി നേതാവ് പീയൂഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹു‍ൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സാക്ഷിയായി. 

സോണിയയ്ക്കു പുറമേ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടക്കം 13 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ, സയിദ് നസീർ ഹുസൈൻ, ബിജെപിയിൽ നിന്ന് ആർ.പി.എൻ.സിങ്, സമിക് ഭട്ടാചാര്യ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽപെടുന്നു. 

English Summary:

Sonia Gandhi sworn in as Rajya Sabha member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com