സ്ഥാനാർഥി എല്ലാ ജംഗമസ്വത്തും വെളിപ്പെടുത്തേണ്ട: സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ സ്ഥാനാർഥിയുടെ വിവരങ്ങൾ അറിയാനുള്ള വോട്ടർമാരുടെ അവകാശം സമ്പൂർണമല്ലെന്ന് സുപ്രീം കോടതി. സ്ഥാനാർഥികൾ മുഴുവൻ ജംഗമ വസ്തുക്കളുടെയും വിവരം പരസ്യപ്പെടുത്തണമെന്നില്ലെന്നും ആഡംബര ജീവിതം വ്യക്തമാക്കുന്നവ മതിയാകുമെന്നും ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
അരുണാചൽ പ്രദേശിലെ തേസു നിയമസഭാ മണ്ഡലത്തിൽ 2019ൽ ജയിച്ച സ്വതന്ത്രൻ കരിഖോ ക്രി ഭാര്യയുടെയും മകന്റെയും പേരിലുള്ള 3 വാഹനങ്ങളുടെ വിവരം വെളിപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി നനെ ത്യാങ്ങാണ് ഹർജി നൽകിയത്. ഗുവാഹത്തി ഹൈക്കോടതി ജയം അസാധുവാക്കിയതോടെ ക്രി സുപ്രീം കോടതിയെ സമീപിച്ചു. ക്രിയുടെ വിജയം സുപ്രീം കോടതി ശരിവച്ചു.
-
Also Read
മിസയ്ക്കും രോഹിണിക്കും പോരാട്ടം കടുപ്പം
വാഹന വിവരം പരസ്യമാക്കാത്തത് ജനപ്രാതിനിധ്യ നിയമത്തിലെ 123(2) വകുപ്പുപ്രകാരം, അഴിമതിയായി കരുതാനാകില്ല. വസ്ത്രം, ഷൂസ്, പാത്രങ്ങൾ, ഫർണിച്ചർ തുടങ്ങി സകല ജംഗമ വസ്തുക്കളുടെയും വിവരം നൽകണമെന്നില്ല. ഓരോ കേസിനനുസരിച്ചാണ് ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കേണ്ടത്. സ്ഥാനാർഥിക്കോ കുടുംബാംഗങ്ങൾക്കോ ആഡംബര വാച്ചുകളുണ്ടെങ്കിൽ വെളിപ്പെടുത്തണം. സാധാരണ വാച്ചുകളാണെങ്കിൽ വേണ്ട- ഉദാഹരണമായി കോടതി ചൂണ്ടിക്കാട്ടി.