ADVERTISEMENT

ജയലളിതയുടെ കടാക്ഷമുണ്ടായിരുന്ന കാലത്ത് തേൻവരിക്ക പോലെ മധുരമുള്ളതായിരുന്നു ഒ.പനീർസെൽവത്തിന്റെ രാഷ്ട്രീയജീവിതം. തേനിയിലെ പെരിയകുളത്തു ചായക്കട നടത്തിയിരുന്ന അദ്ദേഹം പുരട്ച്ചി തലൈവിയുടെ വിശ്വസ്തനും 3 തവണ മുഖ്യമന്ത്രിയുമായി. ജയയുടെ മരണശേഷം രാഷ്ട്രീയഭാവി ചക്കക്കൂട്ടാൻ പോലെ കുഴഞ്ഞുമറിഞ്ഞു. പാർട്ടിക്കു പുറത്തുമായി. ബോഡിനായ്ക്കന്നൂർ എംഎൽഎ എന്നതു മാത്രമാണു മേൽവിലാസം.

 ഒപിഎസ് രാഷ്ട്രീയപ്രസക്തി നിലനിർത്താനായി 74–ാം വയസ്സിൽ രാമനാഥപുരത്തു ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നു. ചിഹ്നം പളാപളം അഥവാ ചക്ക. പ്രധാന എതിരാളികൾ ഡിഎംകെ മുന്നണിയിൽ മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംപി നവാസ് കനിയും അണ്ണാഡിഎംകെയുടെ വിജയപെരുമാളും. പുതുക്കോട്ട ജില്ലയിലെ അരന്താങ്ങി അവുടയാർ കോവിലിനുമുന്നിൽ എല്ലാം ചക്കമയമാണ്. ചക്കയുടെ ചിത്രമുള്ള ബാനറുകൾ, പ്ലക്കാർഡുകൾ, വിശറികൾ, ഷാളുകൾ, ടീ ഷർട്ടുകൾ. ചക്കയുടെ ഗുണഗണങ്ങൾ വിവരിക്കുന്ന തെരുവുനാടകവുമുണ്ട്. 

പ്രചാരണ വാഹനത്തിനു മുന്നിൽ ഇസ്തിരിയിട്ട കൈക്കൂപ്പലും ചിരിയുമായി ഒപിഎസ്. വാഹനത്തിൽ ഒരേ വലുപ്പത്തിൽ നരേന്ദ്ര മോദിയുടെയും ജയലളിതയുടെയും ചിത്രം. ടി.ടി.വി.ദിനകരനും കാണാവുന്ന വലുപ്പത്തിലുണ്ട്. ജയയ്ക്കും മോദിക്കും നന്ദി പറഞ്ഞാണു തുടക്കം. പിന്നെ, അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസാമിക്കുനേരെ ഒളിയമ്പ്– ‘ അണ്ണാ ഡിഎംകെയിൽനിന്ന് എന്നെ പുറത്താക്കാൻ ചിലർ ചതി ചെയ്തു. അതിനു പകരംവീട്ടണം’. 

നമ്മുടെ ചിഹ്നം ഏതെന്നു സദസ്സിനോട് ചോദിച്ചപ്പോഴാണ്  പ്രസംഗം ഉഷാറായത്. പളാപളമെന്ന ഉത്തരം പലവട്ടം പറയിപ്പിച്ചശേഷം അടുത്തുണ്ടായിരുന്ന പ്രാദേശിക നേതാവിനെ നോക്കി. അദ്ദേഹം കയ്യിൽ കരുതിയിരുന്ന ചക്ക ഒപിഎസിനു കൈമാറി. അത് ഉയർത്തിക്കാട്ടിയപ്പോൾ ‘വെട്രി വേപ്പാളർ ഒപിഎസ് അണ്ണൻ വാഴ്ക’ വിളികൾ.

എന്തുകൊണ്ട് രാമനാഥപുരം 

ഡിഎംകെയുടെ സഖ്യബലവും അണ്ണാഡിഎംകെ വോട്ടിലെ ഭിന്നിപ്പുമാകുമ്പോൾ രാമനാഥപുരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർഥി നവാസ് കനിക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് വിലയിരുത്തൽ. ഒന്നാമനായില്ലെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാർഥിയേക്കാൾ വോട്ടു നേടുകയാണ് ഒപിഎസിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ 14% വോട്ടു നേടിയ ടി.ടി.വി.ദിനകരന്റെ പാർട്ടിയുടെ പിന്തുണയും ഗുണം ചെയ്യും.

English Summary:

O. Panneerselvam became independent in Ramanathapuram in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com