ADVERTISEMENT

നേനു ജീവിഞ്ചി ഉന്നന്ത വരകു പ്രജാല കോസം പോരാഡുതുണെ ഉണ്ടാനു– ഉറച്ച ആ വാക്കുകൾക്കു മീതെ അരലക്ഷത്തിലേറെ വരുന്ന ജനസാഗരം ഒന്നിരമ്പിയടങ്ങി. ‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തെലങ്കാനയ്ക്കു വേണ്ടി പോരാടുന്നതു തുടരും’ തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്‌ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു കടുപ്പം തെല്ലും കുറവില്ല!   കെസിആർ വീണ്ടും പോരിനിറങ്ങുകയാണ്; ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം.

ഭരണം നഷ്ടമായ ബിആർഎസ് നേരിടുന്നതു വലിയ തിരിച്ചടിയാണ്. ‘കപ്പൽ’ മുങ്ങുകയാണെന്ന ഭീതിയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നതു തുടരുന്നു. ബിആർഎസിന്റെ എംപിയും എംഎൽഎയും ഒക്കെ ആയിരുന്ന പലരും ഇന്നു ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർഥികൾ! കെസിആറിന്റെ മകൾ കെ.കവിതയാകട്ടെ, ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിൽ തിഹാർ ജയിലിൽ. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ബിആർഎസിനും കെസിആറിനും നിലനിൽപിനുള്ള ഭാരതയുദ്ധം.

ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ ഹൈദരാബാദിന്റെ നഗരത്തിളക്കമില്ലാത്ത ചെവേളയിൽ ഫറാ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ മൈതാനത്തിനു ചുറ്റും കെസിആറിന്റെ കൂറ്റൻ കട്ടൗട്ടുകൾ. മൂക്കുത്തിയണിഞ്ഞ, കടുത്തനിറമുള്ള സാരി ധരിച്ച ഗ്രാമീണ സ്ത്രീകൾ കലപില പറഞ്ഞു നീങ്ങുന്നു. ബീഡിയും തീപ്പെട്ടിയും സമരായുധങ്ങളാക്കി സമ്മേളന സ്ഥലത്തേക്കു പുകയൂതി നടക്കുന്നവരേറെ.

പിങ്ക് ആണു ബിആർഎസിന്റെ ‘ദേശീയ’ നിറം. വേദിയും പിങ്ക് നിറത്തിൽ. പതാക പിങ്ക്, പ്രവർത്തകരുടെ കഴുത്തിലെ ഷാളുകൾ പോലും പിങ്ക്. വേദിയിൽ നേതാക്കളുടെ പ്രസംഗങ്ങൾ ജയ് തെലങ്കാന, ജയ് കെസിആർ വിളികളോടെ അവസാനിക്കുന്നു. പാർട്ടിയുടെ പേരിൽ ഭാരത് ഉണ്ടെങ്കിലും പ്രസംഗങ്ങളിൽ ജയ് ഭാരതും ജയ് ഹിന്ദുമില്ല; ജയ് തെലങ്കാന മാത്രം!

‘പ്രജ ആശീർവാദ സഭ’യെന്ന പൊതുസമ്മേളനത്തിലേക്ക് വിപ്ലവപ്പാട്ടുകളുടെ മൂർധന്യത്തിലാണ് കെസിആറിന്റെ വരവ്. പടികയറുമ്പോൾ കയ്യിലൊരു വോക്കിങ് സ്റ്റിക്. അടുത്തിടെ വീണു പരുക്കേറ്റതിന്റെ ബാക്കിപത്രം. സദസ്സിനു നേരെ കൈ കൂപ്പി. ഗൗരവത്തിനു തിരശീലയിട്ടതു പോലെ നേർത്തൊരു ചിരി മാത്രം. കസേരയിൽ ഇരുന്നു പ്രസംഗം.

‘അവരെ വിശ്വസിക്കരുത് ’

തെലങ്കാന ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണു കെസിആറിന്റെ വാക്കുകൾ.

Qഎന്തിനു ബിആർസിനു വോട്ടു ചെയ്യണം

Aകോൺഗ്രസിനെ വിശ്വസിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് അവർ വിജയിച്ചത്. അതൊന്നും പാലിക്കാൻ ഒരു ശ്രമവുമില്ല. ബിആർഎസ് നടപ്പാക്കിയ ക്ഷേമ പദ്ധതികൾ ഇല്ലാതാക്കി. ബിആർഎസ് തിരിച്ചുവരണം.

Qദലിത് ക്ഷേമ പദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് ആക്ഷേപം

Aദലിത് ക്ഷേമത്തിനായി ബിആർഎസ് സർക്കാർ നടപ്പാക്കിയ ദലിത് ബന്ധു പദ്ധതി അട്ടിമറിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ചെയ്താൽ ഞാൻ ദലിതർക്കൊപ്പം സത്യഗ്രഹം ഇരിക്കും.

Qബിജെപി വേട്ടയാടുന്നുവെന്ന ആക്ഷേപം

Aവേട്ടയാണ് നടക്കുന്നത്. മോദിക്കൊപ്പം നിന്നില്ലെങ്കിൽ ഇ.ഡിയും ജയിലുമാണു ഫലം.

Qനേതാക്കൾ പാർട്ടി വിടുന്നതു തിരിച്ചടിയാകുമോ.

Aഅവസരവാദികളെ തെലങ്കാന തിരിച്ചറിയും. ചെവേളയിലെ സിറ്റിങ് എംപി രഞ്ജിത് റെഡ്ഡി കൂറുമാറി കോൺഗ്രസ് സ്ഥാനാർഥിയായി. അയാൾക്കു ജനം വോട്ടു ചെയ്യില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com