ADVERTISEMENT

ജെപി നഗറിലെ അത്യാഡംബര വീടായ അംബരീഷ് ഹൗസിൽ നിന്നിറങ്ങി സുമലത ഉൽസൂറിലെ രാജ്കുമാർ ഗ്രൗണ്ടിൽ പ്രചാരണത്തിനെത്തുമ്പോൾ സൂര്യൻ ചായാൻ തുടങ്ങുകയായിരുന്നു. പോക്കുവെയിലിൽ തിളങ്ങിയ സുമലതയുടെ മുഖം, കണ്ണട വച്ചിട്ടുണ്ടെന്നതൊഴിച്ചാൽ തൂവാനത്തുമ്പികളിൽ സിനിമാസ്വാദകർ നെഞ്ചേറ്റിയ ക്ലാരയുടേതു തന്നെ. പക്ഷേ, ഇന്നത്തെ സുമലതയ്ക്ക് പ്രായോഗിക രാഷ്ട്രീയവും പ്രസംഗപാടവവും ജനപ്രിയതയും കൂടിയുണ്ട്.

കന്നട താരമായ ഭർത്താവ് എം.എച്ച്.അംബരീഷ് മണ്ഡ്യയിലെ എംപിയും 2 തവണ ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. 2018 ൽ ഹൃദയാഘാതം മൂലം അംബരീഷ് മരിക്കുന്നതുവരെ സുമലത വീട്ടമ്മയായ താരം മാത്രം. അടുത്ത വർഷം കോൺഗ്രസ് സീറ്റ് കിട്ടാതായപ്പോൾ സ്വതന്ത്രയായി മത്സരിച്ച് ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടിന് ജനതാദളിലെ നിഖിൽ കുമാരസ്വാമിയെ തറപറ്റിച്ചു. കർണാടകയിലെ ഏക സ്വതന്ത്ര എംപിയാവണമെങ്കിൽ ഗ്ലാമർ മാത്രം പോരല്ലോ.

ശേഷം ബിജെപിയോട് കുറേശെ അടുത്തു. സ്വതന്ത്രയായിട്ടും മണ്ഡ്യയിൽ വികസന പദ്ധതികൾക്ക് കേന്ദ്രപിന്തുണ കിട്ടി. പക്ഷേ ഇലക്‌ഷൻ അടുത്തപ്പോൾ സീറ്റ് കൊടുത്തില്ല. ദളിലെ എച്ച്.ഡി.കുമാരസ്വാമി മണ്ഡ്യ കൊണ്ടുപോയി. കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമിച്ചെന്നും അപ്പോഴേക്കും കോടീശ്വരനായ സ്റ്റാർ ചന്ദ്രുവിന് ആ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ കിട്ടിയില്ലെന്നും ശ്രുതിയുണ്ട്. 40 കോടിയുടെ ആസ്തിയുള്ള സുമലതയ്ക്ക് സ്വതന്ത്രയായി വീണ്ടും മത്സരിക്കാം. അതുണ്ടായില്ലെന്നു മാത്രമല്ല, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്ന് മൈസൂരുവിൽ മോദിക്കൊപ്പം പ്രചാരണവേദിയിൽ വന്ന് ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്തുകയും ചെയ്തു.

Qമണ്ഡ്യ വിട്ടുകൊടുക്കുന്നതിനു പകരം ബിജെപി  വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന ശ്രുതി ശരിയാണോ? 

aഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇതുവരെ അംഗമായിരുന്നില്ല. അംബരീഷ് കോൺഗ്രസുകാരനായിരുന്നു. എനിക്ക് രാഷ്ട്രീയക്കാരുമായി വിലപേശി പരിചയവുമില്ല. ഭാവിയിലേക്ക് ഒരു സ്ഥാന വാഗ്ദാനവും കിട്ടിയിട്ടില്ല. ബിജെപി നേതൃത്വം ബഹുമാനപൂർവം പെരുമാറി. ഇതുപോലുള്ളവർ രാഷ്ട്രീയത്തിൽ വരണമെന്നു മോദി പറയുകയും ചെയ്തു. അത്രമാത്രം.

Q എന്തുകൊണ്ട് ബിജെപി?

a സ്വതന്ത്ര എംപി ആയിട്ടു പോലും കഴിഞ്ഞ 5 വർഷം ഡൽഹിയിൽ ഭരണകേന്ദ്രങ്ങളിൽ നിന്നു മികച്ച സഹകരണമാണു ലഭിച്ചത്. അവിടുന്നു കിട്ടിയ ആദരം എന്നെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.

Qകർണാടകയിലെ ക്ഷേമപദ്ധതികൾ കോൺഗ്രസിന്റെ വോട്ടായി മാറില്ലേ?

aനിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം വ്യത്യസ്തമായാണു ചിന്തിക്കുന്നത്. ഇവിടെ കിട്ടുന്ന സൗജന്യങ്ങൾ ലോക്സഭയിലേക്ക് വോട്ടായി മാറണമെന്നില്ല.

Q ഇപ്പോഴും ആരാധകരായ മലയാളികളോട് എന്താണു പറയാനുള്ളത്?

aമലയാളികൾ മാറിച്ചിന്തിക്കണം. കേരളത്തിലാകെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് അറിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് പാപ്പരാവാൻ പാടില്ല. വോട്ടെടുപ്പിലും ആ വിചാരം വേണം.

Qമലയാള സിനിമയിലേക്ക് വീണ്ടും വരുമോ?

a ഇപ്പോൾ മനസ്സിൽ വീണ്ടും സിനിമയിലേക്കെന്ന ചിന്തയില്ല. പക്ഷേ, ഒരിക്കലും ഇല്ലെന്നു പറയുന്നുമില്ല. വരട്ടെ, നോക്കാം.

English Summary:

Sumalatha campaign for loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com