ADVERTISEMENT

റായ്പുർ ∙ ഛത്തീസ്ഗഡിലെ മദ്യ അഴിമതി കേസ് സുപ്രീം കോടതി തള്ളിയതിനുപിന്നാലെ എടുത്ത പുതിയ കേസിൽ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ – അഴിമതി വിരുദ്ധ വിഭാഗം (ഇഒഡബ്ല്യു–എസിബി) ഓഫിസിൽ മൊഴി നൽകാൻ എത്തിയ അനിൽ തുതേജയെയും മകൻ യാഷ് തുതേജയെയും ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം യാഷിനെ വിട്ടയച്ചു. വിദേശമദ്യ നിർമാണത്തിലും വിൽപനയിലും നടത്തിയ ക്രമക്കേടിൽ സർക്കാരിന് 2161 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി ആദ്യ കേസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു.

2001 കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ തുതേജ, വാണിജ്യ–വ്യവസായ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. ആദായനികുതി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ആദ്യം കേസെടുത്തിരുന്നത്. ഈ കേസ് സുപ്രീം കോടതി തള്ളുന്നതിന് തൊട്ടുമുൻപ്, വിശദാംശങ്ങൾ ഇഒഡബ്ല്യു – എസിബി വിഭാഗത്തിനു കൈമാറിയ ഇഡി, അവരോട് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചതിനുപിന്നാലെ കേസെടുത്തു. അതിന്റെ വെളിച്ചത്തിൽ ഇ.ഡി തന്നെ എടുത്ത പുതിയ കള്ളപ്പണക്കേസിലാണു ഇപ്പോഴത്തെ അറസ്റ്റ്. മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മ, മുൻ ചീഫ് സെക്രട്ടറി വിവേക് ധന്ദ് എന്നിവരുൾപ്പെടെ 70 പേർക്കെതിരെയാണ് കേസ്. തിരഞ്ഞെടുപ്പിൽ നേതാക്കളുടെ പ്രതിഛായ തകർക്കാനാണ് പുതിയ കേസെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ ആരോപിച്ചു.

English Summary:

ED arrests retired IAS officer in Chhattisgarh liquor scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com