ADVERTISEMENT

ഓടുമേഞ്ഞ ഉയരം കുറഞ്ഞ സന്താൾ വീടുകൾക്കു സമീപം നീലക്കവാടമുള്ള ആ പള്ളി വേറിട്ടുനിൽക്കുന്നു. മുന്നിൽ കല്ലുകളടർന്നുതുടങ്ങിയ ചെറിയ മതിൽ. കഷ്ടിച്ച് 3 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ആ കൽക്കെട്ടിനു പുറത്തുവച്ചാണ് കാൽ നൂറ്റാണ്ടു മുൻപ് ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ച ആ കുറ്റകൃത്യം നടന്നത്. ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും 2 മക്കളെയും  ബജ്‌റങ്ദൾ പ്രവർത്തകർ ചുട്ടുകൊന്ന സംഭവം.

‘‘പ്ലസ്ടു വിദ്യാർഥിയായിരുന്നു ഞാനപ്പോൾ. പൊലീസ് വന്നതും മന്ത്രിമാരുടെ സന്ദർശനങ്ങളും ഇപ്പോഴുമോർക്കുന്നു’’- മനോഹർപുരിലെ ആ ദുരന്തസ്മാരകത്തിനു സമീപം താമസിക്കുന്ന സാംസുന്ദർ മറാണ്ടിയുടെ (42) വാക്കുകൾ. 1999 ജനുവരി 21നു രാത്രി ഇവിടെ നിർ‍ത്തിയിട്ടിരുന്ന വില്ലീസ് വാഗണിൽ ഉറങ്ങിക്കിടക്കവെയാണ് സ്റ്റെയ്ൻസിനെയും മക്കളായ ഫിലിപ് (10), തിമോത്തി (6) എന്നിവരെയും ക്രൂരമായ മർദനത്തിനുശേഷം അക്രമികൾ കത്തിച്ചത്.

‘‘സ്റ്റെയ്ൻസിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും അപ്പോൾ 130 കിലോമീറ്റർ അകലെ ബാരിപ്പദയിലെ താമസസ്ഥലത്തായിരുന്നു. അതു കൊണ്ടു മാത്രം അവർ രക്ഷപ്പെട്ടു’’- 37 വർഷമായി ഒഡീഷയിലുള്ള കണ്ണൂർ‍ ഇരിട്ടി സ്വദേശി ഫാ. വർഗീസ് പുതുമറ്റത്തിന്റെ വാക്കുകൾ.

യുപിയിൽനിന്ന് ഒഡീഷയിലേക്കു വന്ന ദാരാസിങ് ആയിരുന്നു ആ നിഷ്ഠുര ആക്രമണത്തിന്റെ സൂത്രധാരൻ‍. സ്റ്റെയ്ൻസും കുടുംബവും ആദിവാസികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്നുവെന്നായിരുന്നു ആരോപണം. ആദിവാസി സമൂഹത്തിലെ കുഷ്ഠരോഗികൾക്കിടയിലായിരുന്നു സ്റ്റെയ്ൻസ് കുടുംബത്തിന്റെ പ്രവർത്തനങ്ങൾ. ഒരിക്കലും അവരെ നിർബന്ധിത മതപരിവർത്തനത്തിനു പ്രേരിപ്പിച്ചിരുന്നില്ലെന്നു ഗ്ലാഡിസ് പിന്നീടു പറഞ്ഞു. അക്രമികൾക്കു മാപ്പു നൽകുന്നുവെന്നു പറഞ്ഞ് ഗ്ലാഡിസ് സന്നദ്ധപ്രവർത്തനങ്ങൾ തുടർന്നു. ബാരപ്പദയിലെ വീട് ഗ്രഹാം സ്റ്റെയ്ൻസിന്റെ പേരിൽ ആശുപത്രിയാക്കി മാറ്റി. 2004 ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ച അവർ പിന്നീടാണ് ഓസ്ട്രേലിയയിലേക്കു മടങ്ങിയത്.

സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന് അതിനു പിന്നാലെ തന്നെ തെളിഞ്ഞു.   ദാരാ സിങ് തന്നെയായിരുന്നു അതേവർഷം സെപ്റ്റംബറിൽ ജാംബോണി ഗ്രാമത്തിൽ ഫാ. അരുൾദാസ് വധത്തിന്റെയും ആസൂത്രകൻ. അതിനു മുൻപ് പഡിയാബേഡ എന്ന ഗ്രാമത്തിൽ ഷെയ്ഖ് റഹ്മാൻ എന്ന വ്യാപാരിയെയും ദാരാ സിങ്ങും സംഘവും കൊലപ്പെടുത്തി. 2000 ജനുവരിയിൽ പിടിയിലായ ഇയാൾക്കു ഭുവനേശ്വർ സെഷൻസ് കോടതി വധശിക്ഷയാണു വിധിച്ചത്. പിന്നീടു ഹൈക്കോടതിയും സുപ്രീം കോടതിയും അതു ജീവപര്യന്തമാക്കി. 

മനോഹർപുർ ഇപ്പോൾ ശാന്തമാണ്. നാട്ടുചന്തയിൽ കച്ചവടത്തിനു കൊണ്ടുവന്നവയിൽ ബാക്കിയായ സാൽ മര ഇലകൾ കൊണ്ടുള്ള പ്ലേറ്റുകളും ഹണ്ടിയ എന്ന അരിച്ചാരായവുമായി വീടുകളിലേക്കു മടങ്ങുന്ന സന്താൾ, ഹോ ഗോത്ര വംശജരെ വഴിയിലെങ്ങും കാണാം. തിരഞ്ഞെടുപ്പിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.ഗോത്രവിഭാഗങ്ങൾക്കു മുൻതൂക്കമുള്ള ക്യോംഞ്ജാർ ലോക്സഭാ മണ്ഡലത്തിലാണ് മനോഹർപുർ.

കഴിഞ്ഞ 3 തവണയും ജയിച്ചത് ബിജു ജനതാദൾ. 25-ാം വയസ്സിൽ എംപിയായി റെക്കോർഡിട്ട ചന്ദ്രാണി മുർമുവാണ് നിലവിലെ എംപി. ഇത്തവണ ചന്ദ്രാണിക്കു പകരം ധനുർജയ സിദുവാണ് ബിജെഡി സ്ഥാനാർഥി. പ്രധാന എതിരാളി ബിജെപിയുടെ അനന്തനായക്; കോൺഗ്രസ് സ്ഥാനാർഥിയായി ബിനോദ് ബിഹാരി നായകും രംഗത്തുണ്ട്. മേയ് 25നാണ് വോട്ടെടുപ്പ്.

English Summary:

Graham Staines Massacre: Nothing Forgotten; But Manoharpur is calm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com