ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച കോവിഷീൽഡ് വാക്സീൻ ആഗോള വിപണിയിൽനിന്നു പിൻവലിച്ചു. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിൽപന നടത്തുന്ന വാക്സീന്റെ മുഖ്യ ഉൽപാദകരായ അസ്ട്രാസെനക്കയുടേതാണ് തീരുമാനം. യൂറോപ്യൻ യൂണിയനു കീഴിലെ രാജ്യങ്ങളിൽനിന്നു വാക്സീൻ പിൻവലിക്കാൻ കമ്പനി അപേക്ഷ നൽകി. മറ്റിടങ്ങളിലും അപേക്ഷ നൽകുമെന്നാണ് കരുതപ്പെടുന്നത്. അസ്ട്രാസെനക്കയുമായി സഹകരിച്ചു പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതേ വാക്സീൻ ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിപണിയിലെത്തിച്ചിരുന്നത്. യൂറോപ്പിലും മറ്റും വാക്സെവരിയ എന്ന പേരിലായിരുന്നു വിതരണം.

കോവിഡിനെതിരെ മറ്റു വാക്സീനുകൾ ഉള്ളതിനാലും ലഭ്യത അധികമായതിനാലുമാണ് വാക്സീൻ പിൻവലിക്കുന്നതെന്നാണ് അസ്ട്രാസെനക്കയുടെ അവകാശവാദം. എന്നാൽ, വാക്സീനെടുക്കുന്നവർക്ക് രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത് ത്രോംബോസിറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) അപൂർവമായി ഉണ്ടാകാമെന്നു കമ്പനി തന്നെ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്.

വാക്സീൻ പിൻവലിക്കുന്നതിനു മാർച്ചിൽ തന്നെ അപേക്ഷ നൽകിയതാണെന്നും ഈ വിവാദവുമായി ബന്ധമില്ലെന്നും അസ്ട്രാസെനക്ക വ്യക്തമാക്കുന്നു. കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളോടു കൂടിയ വൈറസ് രോഗമായ ആർഎസ്‌വിക്കെതിരെയുള്ള (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) വാക്സീൻ, അമിതഭാരം നിയന്ത്രിക്കാനുള്ള മരുന്ന് എന്നിവ വികസിപ്പിക്കുന്നതിലാണ് അസ്ട്രാസെനക്ക ഈ വർഷം ശ്രദ്ധ ചെലുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കമ്പനിയുടെ തീരുമാനത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ 2 വർഷമായി സർക്കാർ കോവിഷീൽഡ് വാക്സീൻ വാങ്ങിക്കുന്നില്ല. അതേസമയം, 25 കോടി ഡോസ് വാക്സീൻ ഇപ്പോഴും സീറത്തിന്റെ പുണെ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

English Summary:

Covishield vaccine withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com