ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിൽ ബിജെപി പുറത്തിറക്കിയ വിദ്വേഷ വിഡിയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച് സമൂഹമാധ്യമമായ ‘എക്സ്’ നീക്കം ചെയ്തു. കഴിഞ്ഞ നാലിനു പോസ്റ്റ് ചെയ്ത വിഡിയോ 5 ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്. നീക്കം ചെയ്യുന്നതിനു മുൻപ് 93 ലക്ഷം പേർ കണ്ടതായാണ് വിവരം. 

കർണാടകയിലെ 14 മണ്ഡലങ്ങൾ അടക്കം 93 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപാണ് കമ്മിഷൻ എക്സിന് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്.ദലിതർക്കും പിന്നാക്കവിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‌ലിംകൾക്കു നൽകുന്നതായി ചിത്രീകരിക്കുന്നതായിരുന്നു 17 സെക്കൻഡുള്ള വിഡിയോ. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു.

അതേസമയം, ഈ വിദ്വേഷ വിഡിയോയുടെ പേരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഐടി സെൽ തലവൻ അമിത് മാളവ്യ എന്നിവർക്ക് കർണാടക പൊലീസ് സമൻസയച്ചു. ഒരാഴ്ചയ്ക്കകം ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. 

മുസ്‌ലിം വിരുദ്ധ പരാമർശം: ഹൈക്കോടതി ഇടപെടൽ തേടി കോൺഗ്രസ് 

ചെന്നൈ ∙ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം ആവശ്യപ്പെട്ട് പാർട്ടിക്കു നോട്ടിസ് നൽകുന്നതിനു പകരം പ്രധാനമന്ത്രിക്കാണു നോട്ടിസ് നൽകേണ്ടതെന്ന് ടിഎൻസിസി പ്രസിഡന്റ് കെ.സെൽവപെരുന്തകെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രകടന പത്രികയ്ക്കെതിരെ തെറ്റായ കാര്യങ്ങളാണു ബിജെപി പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു.

നഡ്ഡയ്ക്ക് നോട്ടിസ്

ബെംഗളൂരു ∙ മുസ്‌ലിം സംവരണ വിഷയത്തിൽ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് ബെംഗളൂരു പൊലീസ് നോട്ടിസ് അയച്ചു. ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര എന്നിവർക്കും ഒരാഴ്ചയ്ക്കകം ഹാജരാകാനാണു നോട്ടിസ് അയച്ചിരിക്കുന്നത്. സിദ്ധരാമയ്യയും രാഹുൽഗാന്ധിയും ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന അനിമേഷൻ വിഡിയോയാണ് ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.  

English Summary:

Hate speech video released by BJP in Karnataka has been removed by social media X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com