കാനഡയിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടെന്ന് ആരോപണം

Mail This Article
ഒട്ടാവ ∙ 2019 ലെയും 2021 ലെയും കാനഡ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടെന്ന് കനേഡിയൻ ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജന്റ്സ് സർവീസ് (സിഎസ്ഐഎസ്) ഈ വാരം പ്രസിദ്ധീകരിച്ച 2023 ലെ പൊതു റിപ്പോർട്ടിലാണ് ഈ ആരോപണം. കാനഡയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും വിദേശ ഇടപെടലും ചാരവൃത്തിയും നടത്തുന്ന പ്രധാന രാജ്യങ്ങളിൽ ചൈന, റഷ്യ, ഇറാൻ എന്നിവരോടൊപ്പമാണ് ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതേസമയം, ഖാലിസ്ഥാൻ വിഘടനവാദികൾക്ക് രാഷ്ട്രീയ ഇടം നൽകുന്നതിലൂടെ വോട്ട് ബാങ്കാണ് തങ്ങൾക്ക് നിയമവാഴ്ചയേക്കാൾ പ്രധാനമെന്ന സന്ദേശമാണു കനേഡിയൻ സർക്കാർ നൽകുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം ബ്രിട്ടിഷ് കൊളംബിയയിൽ സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.