ADVERTISEMENT

∙ ജാർഖണ്ഡിലെ ഗോണ്ഡേയ് നിയമസഭാ മണ്ഡലത്തിൽ ഇന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന കൽപന സോറന് ഉത്തരവാദിത്തങ്ങൾ രണ്ടാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുൻ മുഖ്യമന്ത്രിയും ഭർത്താവുമായ ഹേമന്ത് സോറന്റെ മോചനത്തിനു വഴിയൊരുക്കണം. ഒപ്പം സോറന്റെ അസാന്നിധ്യത്തിൽ ജാർഖണ്ഡ് മുക്തി മോർച്ചയെ മുന്നോട്ടുകൊണ്ടുപോകണം. സോറന്റെ വിശ്വസ്തൻ സർഫറാസ് അഹമ്മദ് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. കൽപനയെ മുഖ്യമന്ത്രിയാക്കാനാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. എന്നാൽ പാർട്ടിയിലെ തീരുമാനപ്രകാരം ചംപയ് സോറനെ മുഖ്യമന്ത്രിയാക്കേണ്ടി വന്നു.

ഗോണ്ഡേയ് മണ്ഡലത്തിലെ ചമർകോയിൽ കാണുമ്പോൾ കൽപന ഊർജിത പ്രചാരണത്തിലാണ്. ‘ബൂത്തിൽ രണ്ടു വോട്ടിങ് മെഷീനുകളുണ്ടാവും. ഒന്നിൽ അമ്പും വില്ലും ചിഹ്നത്തിൽ എനിക്ക് വോട്ടു ചെയ്യണം. രണ്ടാമത്തേത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ളതാണ്. അതിൽ 3 നക്ഷത്രങ്ങൾ എന്ന ചിഹ്നത്തിൽ വോട്ടു ചെയ്യണം’. സഖ്യത്തിൽ മത്സരിക്കുന്ന സിപിഐ എംഎൽ സ്ഥാനാർഥിയുടേതാണ് 3 നക്ഷത്രം.

സമീപ ഗ്രാമമായ ഗോർബന്ധിൽ സ്ത്രീകൾ കൽപനയുടെ ചുറ്റും കൂടുന്നു. ഏറ്റവും അടുത്ത സ്കൂൾ 12 കിലോമീറ്റർ അകലെയാണ്. പരിഗണിക്കാമെന്ന് കൽപന വാക്കുകൊടുക്കുന്നു. വൻതോതിൽ ആദിവാസിവനിതകളാണു കൽപനയുടെ യോഗത്തിനെത്തുന്നത്. സോറന്റെ അറസ്റ്റോടെ പാർട്ടിയുടെ ഭാവിയെപ്പറ്റി സംശയിച്ച അണികൾക്ക് ഉത്തരമായി കൽപന മാറി.

സൈനിക ഓഫിസറുടെ മകളായ കൽപന യഥാർഥത്തിൽ ഒഡീഷ സ്വദേശിയാണ്. ബിടെക്, എംബിഎ ബിരുദധാരി. ഇംഗ്ലിഷ്, ഹിന്ദി, ഒഡിയ ഭാഷകൾ വഴങ്ങും. ജനങ്ങളുടെ ഹൃദയഭാഷ എത്രത്തോളം പഠിച്ചെടുക്കുന്നുവെന്നാണ് ഇനി അറിയേണ്ടത്. സോറൻ കുടുംബത്തിലും മുതിർന്ന നേതാക്കളുടെ ഇടയിലും കൽപനയുടെ പെട്ടെന്നുള്ള ഉയർച്ചയിൽ മുറുമുറുപ്പുമുണ്ട്. 

രാഷ്ട്രീയത്തിൽ തുടരും‌: കൽപന 

ദ് വീക്കുമായുള്ള അഭിമുഖത്തിൽനിന്ന്:

Qരാഷ്ട്രീയത്തിൽ ഇറങ്ങേണ്ടിവരുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ? രാഷ്ട്രീയത്തിൽ തുടരുമോ?

A രണ്ടുപേരും രാഷ്ട്രീയത്തിരക്കിൽ പെടരുതെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. തീർച്ചയായും രാഷ്ട്രീയത്തിൽ തുടരും. എനിക്കതു സാധിക്കുമെന്നും ഉറപ്പുണ്ട്.

Qഅഴിമതിക്കാരെ ജയിലിലാക്കുമെന്ന പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താങ്കളുടെ ഭർത്താവ് അറസ്റ്റിലായത്.

Aകേസിൽ പറയുന്ന ഭൂമി വിൽക്കാനാകാത്തതും ഉടമസ്ഥാവകാശം മാറ്റാനാകാത്തതുമാണ്. അതെങ്ങനെ സോറന്റേതാവും? രേഖകൾ സോറന്റെ പേരിലല്ല. അല്ലെങ്കിൽ തെളിവു കാട്ടട്ടെ.

Qതാങ്കളെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറന്റെ പദ്ധതി.

Aഅല്ലേയല്ല. ഹേമന്ത് തന്നെയാണു മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന ചംപയ് സോറനെ നിർദേശിച്ചത്.  

Q കേജ്‌രിവാളിന്റെ ഭാര്യ സുനിതയുമൊത്ത് റാലികളിൽ പങ്കെടുത്തല്ലോ. നിങ്ങളുടെ ബന്ധമെങ്ങനെ.

Aകരുത്തോടെ നിൽക്കേണ്ടതിനെപ്പറ്റിയാണ് കണ്ടപ്പോൾ ഞങ്ങൾ സംസാരിച്ചത്. ഹേമന്തും കേജ്‌രിവാളും കീഴടങ്ങില്ലെന്ന് ഉറച്ചുനിൽക്കുമ്പോൾ ഞങ്ങളെന്തിനു വിട്ടുകൊടുക്കണം? 

English Summary:

Polling today in Gandey assembly constituency where Kalpana Soren is contesting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com