ADVERTISEMENT

ന്യൂ‍ഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കു കടക്കുമ്പോഴും ബിജെപിയെ അട്ടിമറിച്ച് ഇന്ത്യാസഖ്യം അധികാരത്തിലെത്തുമെന്ന ആധികാരിക പ്രവചനം തിരഞ്ഞെടുപ്പു നിരീക്ഷകർ നടത്തുന്നില്ല. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി 370 സീറ്റുകളെന്ന അദ്ഭുതനേട്ടം കൊയ്യുമെന്നും പ്രവചനങ്ങളില്ല. അതേസമയം, 2019 ലെ സീറ്റെണ്ണം നിലനിർത്തി ബിജെപി അധികാരത്തിൽ തുടരുമെന്നാണ് പ്രശാന്ത് കിഷോറും പ്രദീപ് ഗുപ്തയും വിലയിരുത്തുന്നത്. കേവലഭൂരിപക്ഷത്തിലേക്ക് എത്തിയാലും ഏറെ കഷ്ടപ്പെട്ടാകും അതെന്നു യോഗേന്ദ്ര യാദവ് പറയുന്നു.

മാറ്റമുണ്ട്, സീറ്റിലല്ല

രാജ്യത്തു ചില മാറ്റങ്ങളുണ്ടെങ്കിലും അതു ബിജെപിയുടെ സീറ്റെണ്ണത്തിലോ തുടർഭരണത്തിലോ മാറ്റമുണ്ടാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്സസ് മൈ ഇന്ത്യ എംഡിയുമായ പ്രദീപ് ഗുപ്ത പറയുന്നത്. ബിജെപിക്ക് 303 സീറ്റ് ലഭിച്ച 2019 ലെ സ്ഥിതി തുടരും. എന്നാൽ, മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിനു കടുത്ത മത്സരം നേരിടേണ്ടി വരും. വോട്ടെടുപ്പിന്റെ പകുതിയിൽ തിരഞ്ഞെടുപ്പു ഫലത്തിൽ മാറ്റമുണ്ടാകാൻ സാധ്യത വളരെ കുറവാണ്.

 30–40% വോട്ടർമാർ ഏറക്കുറെ എവിടെ വോട്ടു ചെയ്യണമെന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞതാണ്. 20–30% വോട്ടർമാരാണു തീരുമാനത്തിൽ ചാഞ്ചാടുന്നത്. അവർ പോലും സാധാരണ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപേ തീരുമാനത്തിൽ എത്തിയിരിക്കുമെന്നും ഗുപ്ത പറഞ്ഞു.

കൂടില്ല, കുറയുകയുമില്ല

നരേന്ദ്ര മോദി തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്നാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പ്രവചനം. ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതു പോലെ 370 സീറ്റ് ലഭിക്കില്ലെങ്കിലും 2019 ലെ പ്രകടനം നിലനിർത്തും. അന്നത്തെ 303 എന്ന സീറ്റെണ്ണം അൽപം കൂടി വർധിപ്പിച്ചേക്കാം. വലിയ മോദി വിരുദ്ധ വികാരം രാജ്യത്തില്ലെന്നും വടക്ക്, പടിഞ്ഞാറൻ മേഖലയിൽ ബിജെപിക്കു ഗണ്യമായി സീറ്റ് കുറയാൻ ഇടയില്ലെന്നുമാണു വിലയിരുത്തൽ. അതേസമയം, ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും സീറ്റ് വർധിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം.

കേവലമുറപ്പിക്കാൻ കഷ്ടപ്പെടും

ആത്മവിശ്വസത്തോടെ തിര‍ഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവിന്റെ പക്ഷം. 

കേവലഭൂരിപക്ഷമായ 272 ലേക്ക് എത്താൻ ബിജെപി ബുദ്ധിമുട്ടിയേക്കാമെന്നും എൻഡിഎ സഖ്യത്തിന് 300 ൽപരം സീറ്റ് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലും ബിജെപിക്കു കാലിടറിയെന്നും അതു ഇന്ത്യാസഖ്യത്തിനു നേട്ടമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

English Summary:

Election observers not making an official prediction that the India Alliance will topple the BJP and come to power in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com