ADVERTISEMENT

കൊച്ചി∙ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു മുൻപുതന്നെ രോഗം നെഗറ്റീവായിരുന്നു.

മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിൽ കൊണ്ടു വരികയും സംസ്കരിക്കുകയും ചെയ്തത്. എയിംസിൽ നടത്തിയ പരിശോധനകളുടെ ഫലം ആർക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതേസമയം കോവിഡ് ബാധിച്ചതിനെ തുടർന്ന് മാതാവിന്റെ ആന്തരിക അവയവങ്ങൾ പലതിനും തകരാറുകൾ സംഭവിച്ചിരുന്നു.

Kannanthanam-mother-covid-certitficate
അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ കോവിഡ് പരിശോധനാ ഫലം.

അതു പൂർവസ്ഥിതിയിൽ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവി‍ഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതിൽ തെറ്റില്ലെന്നും അൽഫോൻസ് കണ്ണന്താനം വിശദീകരിച്ചു.

കഴിഞ്ഞ ജൂൺ 10നാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് മൃതദേഹം വിമാനത്തിൽ കോട്ടയം മണിമലയിലെത്തിച്ച് പൊതുദർശനത്തിനുവച്ച ശേഷം 14ന് സംസ്കരിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകൾ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.

അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം അൽഫോൻസ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തിൽ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ എന്ന വ്യക്തി രംഗത്തു വന്നിരുന്നു. രാജ്യത്ത് കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ജോമോന്റെ ആരോപണം.

കോവിഡ് നെഗറ്റീവായ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾപാലിച്ച് സംസ്കരിക്കുന്നതിന് തടസമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മൃതദേഹത്തിൽ നിന്ന് ഒരു കാരണവശാലും കോവിഡ് രോഗാണു പുറത്തേയ്ക്ക് വ്യാപിക്കുന്നതിന് സാഹചര്യമില്ലാത്തതിനാൽ പേടിക്കേണ്ടതില്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മാന്യമായ സംസ്കാരത്തിന് അവരും അർഹരാണ്. അതു കൊണ്ടു തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരോടുള്ള അനാവശ്യ ഭീതി സമൂഹത്തിൽ ആവശ്യമില്ലെന്നും റിട്ടയർഡ് ഫൊറൻസിക് ഡോക്ടർ ഷെർലി വാസു മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Alphons Kannanthanam's Response Regarding Allegations on Funeral of Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com