ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര കാർഷിക നിയമത്തി‌‌നെതിരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതു 46–ാം ഖണ്ഡികയിൽ. പ്രസംഗത്തിലെ ഭാഗങ്ങൾ ഒന്നും ഒഴിവാക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18–ാം ഖണ്ഡിക വായിക്കില്ലെന്നു ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചത് വിവാദമായിരുന്നു. വിയോജിക്കുന്നുവെന്ന മുഖവുരയോടെ പിന്നീട് പ്രസംഗത്തിലെ വിവാദഭാഗങ്ങൾ വായിക്കുകയായിരുന്നു.

തന്റെ സർക്കാരിന്റെ അഭിപ്രായ പ്രകാരം സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ ലംഘനം പൊതുസ്വഭാവമായിട്ടുള്ള നിരവധി നിയമനിർമാണങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. ഈ ശ്രേണിയിൽ ഏറ്റവും പുതിയത് വിവാദമായ തൊഴിൽനിയമവും കാർഷിക നിയമങ്ങളുമാണ്. പുതിയ തൊഴിൽ ബില്ലുകൾക്കെതിരെ തൊഴിലാളികളുടെ ദേശീയ സമരം ഉണ്ടായി. അത് തൊഴിൽ ബില്ലുകൾക്കെതിരായ വലിയ സമരമായിരുന്നു.

കാർഷിക നിയമങ്ങൾ നിയന്ത്രിത വിപണികളെ ഇല്ലാതാക്കുകയും ഫലത്തിൽ മിനിമം താങ്ങുവില ഇല്ലാതാക്കുകയും ചെയ്യും. കോർപറേറ്റ് ഇടനിലക്കാർക്ക് അനുകൂലമായി വിലപേശൽ അധികാരം നൽകും. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ 1955ലെ അവശ്യ സാധനങ്ങൾ ആക്ടിൽ വരുത്തിയ ഭേദഗതികൾ പ്രതികൂലമായി ബാധിക്കുകയും പൂഴത്തിവയ്പും കൊള്ളലാഭവും ഉണ്ടാകുകയും ചെയ്യും.

നാണ്യവിളകൾക്കുണ്ടാകുന്ന പ്രതിസന്ധി കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ കാരണമാണെങ്കിലും എന്തെങ്കിലും അധിക സഹായം നൽകുന്നതിനു കേന്ദ്രം വിസമ്മതിച്ചു. കാർഷിക മേഖലയെ ദുർബലപ്പെടുത്തുന്ന പ്രാദേശിക വ്യാപാര കരാറുകൾ ഇനിയും ഉണ്ടാകുന്നതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി ജാഗരൂഗരാകണം. റബ്ബർ കർഷകർക്കു ഭാഗിക സഹായം ലഭിക്കുന്നതിനു കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

English Summary: Kerala Governor Ariff Khan on Farm Laws at his speech in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com