ADVERTISEMENT

മുംബൈ∙ 'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' - റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍നിന്നു ലഭിച്ച കുറിപ്പില്‍ പറയുന്നതാണിത്. മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നുകില്‍ അധികം വിദ്യാഭ്യാസമുള്ളയാള്‍ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കില്‍ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകുമെന്നും പൊലീസ് കരുതുന്നു.

വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയില്‍നിന്നു വ്യക്തമായി.

വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അംബാനിയുടെ ആന്റില എന്ന വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ഒരു കെട്ടിടത്തിനു വെളിയിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ വാഹനം അവിടെ പാര്‍ക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതാനും മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മുകേഷ് അംബാനി, സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാഹനം. ചിത്രം: ട്വിറ്റർ.
മുകേഷ് അംബാനി, സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാഹനം. ചിത്രം: ട്വിറ്റർ.

വിജയ സ്‌റ്റോഴ്‌സ് എന്ന പലചരക്കു കടയ്ക്കു പുറത്താണു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വാഹനം എത്തുന്നത് സിസിടിവിയില്‍ വ്യക്തമാണെന്ന് കടയുടമ പറഞ്ഞു. മൂന്നു മണി വരെ ഡ്രൈവര്‍ പുറത്തിറങ്ങിയിട്ടില്ല. ആരാണ് വാഹനം ഓടിച്ചതെന്നു കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ക്യാമറകള്‍ മുഴുവന്‍ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് കമാന്‍ഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. അംബാനിയുടെ വീടുള്‍പ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.

English Summary: Driver stayed inside vehicle near Ambani home at night for hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com