ADVERTISEMENT

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ(45) കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്ക് അജ്ഞാതർക്കെതിരെ കേസെടുത്തു. ഹിരണിന്റെ ഭാര്യ നൽകിയ പരാതിയിലാണിത്. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്. 

കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീൽ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈൽ ഫോൺ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ താവ്ഡെ എന്നൊരാൾ ഫോണിൽ വിളിച്ചതിനെത്തുടർന്ന് താനെയിലെ ഗോഡ്ബന്ദർ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു.

മരണത്തിനു മുൻപ് മൻസുക് ഹിരൺ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്തായത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തിൽ മാധ്യമങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. കാർ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയിട്ടും  പൊലീസ് ക്രൂരമായി തന്നെ പീഡിപ്പിച്ചുവെന്നു മൻസുക് ഹിരൺ കത്തിൽ ആരോപിച്ചിരുന്നു. 

എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ആറുതവണയാണ് എന്നെ ചോദ്യം ചെയ്തത്. കേസിൽ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാധ്യമങ്ങളും പരിഗണിച്ചത്. മാധ്യമങ്ങൾ എന്നെ വിടാതെ പിന്തുടരുന്നു. ടിവി ചാനലുകളിൽ നിന്നുള്ള ഇടതടവില്ലാത്ത ഫോൺ വിളികളിൽ മനം മടുത്തിരിക്കുന്നു. പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നൽകിയിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. 

കഴിഞ്ഞമാസം  25നു രാത്രിയാണ് 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാർ  കണ്ടെത്തിയത്. തുടർന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മൻസുക് രംഗത്തെത്തി. കാർ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കിയിട്ടും പൊലീസ് തന്നെ വേട്ടയാടിയെന്നും മൻസുക് ആരോപിച്ചിരുന്നു. 

English Summary: Mukesh Ambani case: ATS probes businessman's death as murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com