ADVERTISEMENT

ജറുസലം∙ ഇസ്രയേലില്‍ ഭരണത്തിനായി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രതിപക്ഷ കക്ഷികളും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് പലസ്തീന്‍കാര്‍ക്ക്. അധികാരത്തില്‍ തുടരാന്‍ നെതന്യാഹു നടത്തിയ അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗം ഇസ്രയേലില്‍ അവസാനിക്കുമെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കിങ്‌മേക്കറായി കളം നിറയുന്നത് ശതകോടീശ്വരനും തീവ്രവലതുപക്ഷ യമിന പാര്‍ട്ടിയുടെ നേതാവുമായ നഫ്താലി ബെനറ്റ് ആണ്. ബെനറ്റ് പ്രതിപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരിനു വഴിയൊരുങ്ങുന്നത്.

പിടിച്ചതിലും വലുതാണോ അളയില്‍ എന്ന ആശങ്കയാണ് ഇസ്രയേല്‍ - പലസ്തീന്‍ വിഷയം കൈകാര്യം ചെയ്യുന്ന പലര്‍ക്കുമുള്ളത്. തീവ്രനിലപാടുകളുള്ള നഫ്താലി ബെനറ്റ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണു വിലയിരുത്തല്‍. വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകള്‍ മുഴുവനായും ഇസ്രയേലിനൊപ്പമാക്കുകയെന്ന സ്വപ്‌നം പേറുന്ന ബെനറ്റ്, പലസ്തീന്‍ രൂപീകരണം, ഇസ്രയേലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നേതാവു കൂടിയാണ്.

രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ ദുരന്തത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേരുകയാണെന്നാണ് ഞായറാഴ്ച ബെനറ്റ് പറഞ്ഞത്. ഇതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ ധാരണ ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് യയ്ര്‍ ലപീദിന്റെ (57) നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു നഫ്താലി ബെനറ്റ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2023 സെപ്റ്റംബര്‍ വരെ താന്‍ പ്രധാനമന്ത്രിയായിരിക്കുമെന്നാണ് ബെനറ്റ് ഞായറാഴ്ച പറഞ്ഞത്.

രണ്ടു മാസം മുന്‍പു നടന്ന തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ തലവനായ നെതന്യാഹുവിനെയാണു സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാല്‍ ആവശ്യമായ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാര്‍ട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചു.

ISRAEL-POLITICS
ബെന്യമിന്‍ നെതന്യാഹു

യമിന പാര്‍ട്ടി നേതാവ് നഫ്താലി ബെനറ്റ് കിങ് മേക്കറായതോടെ പ്രധാനമന്ത്രി സ്ഥാനമാണ് ആവശ്യപ്പെടുന്നത്. ആദ്യ പകുതി ബെനറ്റിന് അവസരം നല്‍കി ഈ ധാരണയ്ക്കു ലപീദ് വഴങ്ങുമെന്നാണ് ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുധനാഴ്ച വരെയാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കു നല്‍കിയിരിക്കുന്ന സമയം. ബെനറ്റിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകരായ അറബ് പാര്‍ട്ടിയുടെ പുറത്തുനിന്നുളള പിന്തുണയോടെയാണു പ്രതിപക്ഷ സര്‍ക്കാര്‍ വരിക.

ഹൈടെക് കോടീശ്വരന്‍

നാല്‍പത്തിയൊമ്പതുകാരനായ നഫ്താലി ബെനറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയവരാണ്. സാന്‍ഫാന്‍സിസ്‌കോയില്‍നിന്നാണ് ബെനറ്റിന്റെ മാതാപിതാക്കള്‍ ഇസ്രയേലിലേക്ക് എത്തിയത്. ഹയ്ഫ നഗരത്തില്‍ ജനിച്ച ബെനറ്റ് യാഥാസ്ഥിതിക ജൂത കുടുംബത്തിലെ അംഗമാണ്. ഷെഫായ ഭാര്യ ഗിലാതിനും നാലു മക്കള്‍ക്കുമൊപ്പം ടെല്‍ അവീവിന്റെ പ്രന്തപ്രദേശമായ റാണണയിലാണു താമസം.

ഇസ്രയേല്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡോയായ ബെനറ്റ് തന്റെ മൂത്തമകന്, 1976ല്‍ ഉഗാണ്ടയില്‍ ബന്ദികളാക്കിയ വിമാനയാത്രക്കാരെ രക്ഷിക്കാന്‍ ഇസ്രയേല്‍ നടത്തിയ ഓപ്പറേഷനില്‍ മരിച്ച നെതന്യാഹുവിന്റെ സഹോദരന്റെ പേരാണ് നല്‍കിയിരിക്കുന്നത്. തൊണ്ണൂറുകളില്‍ ഇസ്രയേല്‍ സൈന്യത്തില്‍ കമാന്‍ഡോ ആയിരുന്ന ബെനറ്റ് പല സൈനിക നീക്കങ്ങളിലും പങ്കെടുത്തു. പിന്നീട് ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ നിയമം പഠിച്ചു. 1999ല്‍ ഹൈടെക് സെക്ടറില്‍ സ്റ്റാര്‍ട്ടപ്പ് ആംരഭിച്ചശേഷം ന്യൂയോര്‍ക്കിലേക്ക് പോയി. പിന്നീട് തന്റെ ആന്റി-ഫ്രോഡ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ 'ക്യോട്ട' 2005ല്‍ അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ ആര്‍എസ്എയ്ക്ക് 145 മില്യണ്‍ ഡോളറിനു വിറ്റു. തുടര്‍ന്ന് ഇസ്രയേലിലേക്കു മടങ്ങി പൊതുരംഗത്തേക്ക് എത്തുകയായിരുന്നു.

AP12_15_2019_000107A
ബെന്യമിന്‍ നെതന്യാഹു

നെതന്യാഹുവിന്റെ വിശ്വസ്തന്‍

നെതന്യാഹുവിന്റെ വിശ്വസ്തനായിരുന്ന ബെനറ്റ് 2015-19 വരെ വിദ്യാഭ്യാസ മന്ത്രിയും 2019-20ല്‍ പ്രതിരോധമന്ത്രിയുമായിരുന്നു. 2006ല്‍ രാഷ്ട്രീയത്തിലെത്തിയ ബെനറ്റ് 2008 വരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു. 2012ല്‍ ജ്യൂയിഷ് ഹോം പാര്‍ട്ടിയുടെ നേതാവായി. 2018ല്‍ ന്യൂ റൈറ്റ് പാര്‍ട്ടി രൂപീകരിച്ചു.

2013ലാണ് ബെനറ്റ് ദേശീയരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജൂതകുടിയേറ്റത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയുടെ നേതാവായി മാറിയ ബെനറ്റ് നെതന്യാഹു മന്ത്രിസഭയില്‍ പ്രതിരോധ, വിദ്യാഭ്യാസ വകുപ്പുകളടെ ചുമതല വഹിച്ചിരുന്നു. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ ഇസ്രയേലിനൊപ്പം ചേര്‍ക്കാനുള്ള നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലത്ത് വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി നെതന്യാഹു മുന്നോട്ടു പോയപ്പോള്‍ ശക്തമായി പിന്തുണച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു സെക്കന്‍ഡ് പോലും നിര്‍ത്തിവയ്ക്കരുതെന്ന് ബെനറ്റ് പറഞ്ഞു. എന്നാല്‍ യുഎഇയുമായി കൈകോര്‍ത്തതിനു ശേഷം നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഗാസയില്‍നിന്നുള്ള ദൃശ്യം. REUTERS/Ibraheem Abu Mustafa
ഗാസയില്‍നിന്നുള്ള ദൃശ്യം. REUTERS/Ibraheem Abu Mustafa

പലസ്തീനും ആശങ്ക

ബെനറ്റിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകരായ അറബ് പാര്‍ട്ടിയുടെ കൂടി പിന്തുണയോടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുന്‍ നിലപാടുകളില്‍ എത്രത്തോളം ഉറച്ചുനില്‍ക്കാന്‍ ബെനറ്റിനു കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇടത്, വലത് പക്ഷങ്ങള്‍ ഇത്തരം പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് ബെനറ്റ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തുന്നത് സമാധാന നീക്കങ്ങള്‍ക്കും സ്വതന്ത്ര പലസ്തീന്‍ എന്ന നിലപാടിനും വലിയ തിരിച്ചടിയാകുമെന്നാണു പലസ്തീന്‍ കരുതുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവയ്ക്കുന്ന സമാധാന ഫോര്‍മുല അംഗീകരിക്കപ്പെടാനുള്ള സാധ്യതയും മങ്ങും.

ഇസ്രയേലില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് മാര്‍ച്ചില്‍ നടന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അഞ്ചാമതൊരു തിരഞ്ഞെടുപ്പിലേക്കു രാജ്യം പോകുന്നത് ദേശീയ ദുരന്തമാകുമെന്നു വിലയിരുത്തിയാണ് യാമിന പാര്‍ട്ടി മേധാവിയായ ബെനറ്റ് പ്രധാന പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചയ്ക്കു തുനിഞ്ഞത്. ഉദാരവത്കരണത്തിന്റെ വക്താവായ ബെനറ്റ് സര്‍ക്കാരിലെ ചുവപ്പുനാടയും നികുതികളും നിയന്ത്രിക്കണമെന്ന നിലപാടുകാരനാണ്.

English Summary: Naftali Bennett: The right-wing millionaire who may end Netanyahu era

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com