ADVERTISEMENT

ന്യൂഡൽഹി ∙ ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പു പിൻവലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് കൈമാറരുതെന്നായിരുന്നു നിര്‍ദേശം. ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നാണ് പുതിയ അറിയിപ്പ്. ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം നൽകിയത്. ഫോട്ടോകോപ്പി നൽകുന്നതിനു പകരം വ്യക്തികളുടെ ആധാർ നമ്പറിലെ അവസാന നാലക്കം മാത്രം പ്രദർശിപ്പിക്കുന്ന ‘മാസ്ക്ഡ് ആധാർ’ ഉപയോഗിക്കണമെന്നും കേന്ദ്ര നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും (യുഐഡിഎഐ) യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം മേയ് 27നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ലൈസൻസില്ലാത്ത ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ പകർപ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാർ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം ഉൾപ്പെടുന്ന നിർദ്ദേശമാണ് ഇപ്പോൾ പിൻവലിച്ചത്.

English Summary: Centre withdraws 'don't share Aadhaar photocopy' advice, says exercise 'normal prudence'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com