ADVERTISEMENT

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും വിധി നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയും സുപ്രീം കോടതി ഇന്നു 10.30നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്.

കോടതി ഇന്നലെ പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹർജികളാണു പരിഗണനയിൽ. എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, ശബരിമല ആചാര സംരക്ഷണ ഫോറം, കേരള ക്ഷേത്രസംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമസഭ, ശ്രീ നാരായണഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ബ്രാഹ്മിൻസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി.ഉഷാനന്ദിനി, പി.സി. ജോർജ്, ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയ വ്യക്തികളും ഹർജിക്കാരാണ്.

വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയവർക്കെതിരെ ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികൾ പട്ടികയിലില്ല. ഇവ ഇന്നലെ പരാമർശിച്ചപ്പോൾ, ഇന്നു കോടതിയിലുണ്ടാകണമെന്ന് അഭിഭാഷകൻ പി.വി. ദിനേശിനോടു ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വിധിയെ പിന്തുണച്ച് പി.ബിന്ദു, കനകദുർഗ, രേഷ്മ നിശാന്ത്, ഷനില സതീഷ് എന്നിവർ നൽകിയ ഇടപെടൽ അപേക്ഷകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്നു പരിഗണിക്കുന്ന മറ്റു ഹർജികൾ

∙ 4 റിട്ട് ഹർജികൾ: ആചാരങ്ങൾ സംരക്ഷിക്കണമെന്നും വിധി പ്രഖ്യാപന സ്വഭാവത്തിലുള്ളതാണെന്നു വിശദീകരിക്കണമെന്നും ആവശ്യം. 

∙ സംസ്ഥാന സർക്കാരിന്റെ 2 ട്രാൻസ്ഫർ ഹർജികൾ: ഹൈക്കോടതിയിലെ കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റാൻ.

∙ 2 പ്രത്യേകാനുമതി ഹർജികൾ: മേൽനോട്ട സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതിനെതിരെ ആർ.വി. ബാബുവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com