ADVERTISEMENT

ന്യൂഡൽഹി ∙ സ്ത്രീകൾ ആക്രമണകാരികളല്ലെന്നും യുദ്ധത്തിനു പോകാറില്ലെന്നും ഇന്ദിര ജയ്സിങ്. ചരിത്രം അതല്ലെന്നും റസിയ സുൽത്താനയുടെ ശവകുടീരം ഏറെ ദൂരത്തല്ലെന്നും ജസ്റ്റിസ് റോഹിന്റൻ നരിമാൻ. ഉടനെ പരാമർശം പിൻവലിച്ച് ഇന്ദിര ജയ്സിങ്. ഇതൊഴിച്ചാൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഗൗരവം പങ്കുവയ്ക്കാൻ കോടതിമുറിയിൽ എല്ലാവരും നിർബന്ധിതരായി.

ആദ്യം വാദമുന്നയിക്കാൻ മാത്യു നെടുമ്പാറ ശ്രമിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഇടപെട്ടു. മാത്യു ഇരിക്കണമെന്നും ആദ്യം പറയുന്നത് അഭ്യർഥനയായാണെന്നും താക്കീതെന്ന മട്ടിൽ പറഞ്ഞു. പിന്നീടും പല തവണ മാത്യു നെടുമ്പാറയ്ക്ക് അച്ചടക്കവാക്കുകൾ കേൾക്കേണ്ടിവന്നു. മുതിർന്ന അഭിഭാഷകരുൾപ്പെടെ ആർക്കും ദീർഘമായ വാദത്തിന് ചീഫ് ജസ്റ്റിസ് അവസരം നൽകിയില്ല. കെ.പരാശരനോടു പോലും വാദം മതിയാക്കാൻ നിർദേശിച്ചു. പ്രധാന അഭിഭാഷകർ വാദിച്ചുകഴിഞ്ഞപ്പോൾ, വാദമുന്നയിക്കാൻ മറ്റു പല അഭിഭാഷകരും ഒരേസമയം ശ്രമിച്ചത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു. ഇപ്പോൾതന്നെ നടപടികൾ അവസാനിപ്പിക്കുമെന്നു മുന്നറിയിപ്പു നൽകി.

വിധിയെ ചോദ്യം ചെയ്ത പലരും ഏറെ പ്രശ്നമുന്നയിച്ചത് ജസ്റ്റിസ് റോഹിന്റൻ നരിമാന്റെ നിലപാടുകളെക്കുറിച്ചാണ്. പലപ്പോഴും നിലപാട് വിശദീകരിക്കാനെന്നോണം അദ്ദേഹം ഇടപെട്ടു. പല തവണ ചീഫ് ജസ്റ്റിസുമായി രഹസ്യചർച്ചയും നടത്തി. ഇന്ദിര ജയ്സിങ്ങിനെ ചരിത്രമോർമിപ്പിക്കാൻ ജസ്റ്റിസ് നരിമാൻ ശ്രമിച്ചപ്പോഴും ചീഫ് ജസ്റ്റിസ് ഇടപെട്ടു;  മറ്റു വാദങ്ങളുണ്ടെങ്കിൽ ഉന്നയിക്കാൻ നിർദേശിച്ചു. 

ഇന്ദു മൽഹോത്രയുടെ വിധിയിൽ പിഴവ്: ഇന്ദിര ജയ്സിങ്

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര നൽകിയ വിധിയിൽ പിഴവാരോപിച്ച് ഇന്ദിര ജയ്സിങ്. ശബരിമല അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗമാണെന്ന നിലപാട് സ്ഥാപിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ആശ്രയിച്ചത് 1982 ൽ അരബിന്ദോ സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ഒ.ചിന്നപ്പ റെഡ്ഡി നൽകിയ വിയോജന വിധിയായിരുന്നുവെന്ന് ഇന്ദിര ജയ്സിങ് വാദിച്ചു. അരബിന്ദോ സൊസൈറ്റി കേസിൽ 1982 നവംബർ 8നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നൽകിയ വിധിയാണ് ഇന്ദിര ജയ്സിങ് പരാമർശിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com