ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചയിലേക്ക് ഇടതുമുന്നണി കടന്നു. നേരത്തെ ആരംഭിച്ച സിപിഎം–സിപിഐ കൂടിയാലോചനകൾക്കു പിന്നാലെ ഇന്നലെ എൽഡിഎഫ് യോഗത്തിനും മുമ്പും ശേഷവുമായി ചെറുകക്ഷികളുമായി സംഭാഷണം നടന്നു. എൽഡിഎഫിന്റെ മേഖലാ ജാഥകൾക്കിടയിൽ തന്നെ ചർച്ച പൂർത്തിയാക്കാനാണു ശ്രമിക്കുന്നതെന്നു മുന്നണി യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, ലോക്താന്ത്രിക് ജനതാദൾ പാർട്ടികൾ ഇന്നലെ കോടിയേരിയെ കണ്ടു. വിശദചർച്ച നടന്നില്ല. കാസർകോട് സീറ്റ് ആഗ്രഹിക്കുന്നുവെന്ന സൂചന ഐഎൻഎൽ നൽകി. മധ്യതിരുവിതാംകൂറിലെ ഏതെങ്കിലും സീറ്റിൽ ഫ്രാൻസിസ് ജോർജ് അനുയോജ്യനായ സ്ഥാനാർഥിയെന്നു തോന്നുന്നുവെങ്കിൽ തീരുമാനിക്കുകയെന്ന നിലപാടാണു കേരള കോൺഗ്രസിന്റേത്. വടകരയ്ക്കുള്ള താൽപര്യം എൽജെഡിയും പ്രകടിപ്പിച്ചു.

സീറ്റ് വിഭജനം എത്രയും വേഗം അന്തിമമാക്കണമെന്നു കേരള കോൺഗ്രസ്(ബി) നേതാവ് ആർ. ബാലകൃഷ്ണ പിള്ളയാണു ചർച്ചയ്ക്കു തുടക്കമിട്ടത്. തങ്ങൾ ലോക്സഭയിലേക്കു മത്സരിക്കാനില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. അപ്പോഴാണ് എൽഡിഎഫ് മേഖലാജാഥകൾ ആരംഭിക്കുന്ന 14 ന് മുമ്പു തന്നെ ഒരു റൗണ്ട് ചർച്ചയ്ക്കു ശ്രമിക്കുമെന്നു കോടിയേരി വ്യക്തമാക്കിയത്. ബാക്കി ചർച്ച വിവിധ കക്ഷിനേതാക്കളുടെ സൗകര്യം കണക്കിലെടുത്തു ജാഥയോടനുബന്ധിച്ചു തന്നെ നടത്താം. മാർച്ച് ആദ്യം തന്നെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാൻ കഴിയുമെന്നും കോടിയേരി പറഞ്ഞു.

ഉഭയകക്ഷി ചർച്ചകൾ തുടങ്ങിയതായി പിന്നീടു മാധ്യമപ്രവർത്തകരെ മുന്നണി കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. വിജയസാധ്യത മാനദണ്ഡമാക്കി സീറ്റ് വിഭജനം തീർക്കണമെന്നാണു കണക്കുകൂട്ടുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും വർ‍ഗീയ വിഭജന നീക്കങ്ങളും തുറന്നുകാണിക്കാനും പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും മേഖലാജാഥകളിലൂടെ ശ്രമിക്കും. രാഷ്ട്രീയത്തിനപ്പുറമായ വിശ്വാസി, അവിശ്വാസി പ്രശ്നങ്ങൾ പോലുള്ള ഒറ്റപ്പെട്ട കാര്യങ്ങൾ ഉപയോഗപ്പെടുത്താനാണു ചിലർ ശ്രമിക്കുന്നതെന്നു വിജയരാഘവൻ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമിതിക്കു രാഷ്ട്രീയ ലക്ഷ്യമില്ല. അതൊരു പൊതുപ്രസ്ഥാനമായി വളർത്തിയെടുക്കും. പുതിയ കക്ഷികൾ വന്നു എന്നതുകൊണ്ട് അതിന്റെ പേരിൽ സീറ്റ് തർക്കങ്ങളുണ്ടാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

യോഗത്തിനെത്താതെ വീണ്ടും വിഎസ്

എൽഡിഎഫ് യോഗത്തിൽ നിന്നു മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വീണ്ടും വിട്ടുനിന്നു. ആർ. ബാലകൃഷ്ണ പിള്ളയെയും ഐഎൻഎല്ലിനെയും മുന്നണിയിലെടുത്തതിനെതിരെ പരസ്യമായി രംഗത്തുവന്ന വിഎസ്, കഴിഞ്ഞ യോഗത്തിലും പങ്കെടുത്തിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com