ADVERTISEMENT

തൊടുപുഴ ∙ ദേവികുളം സബ് കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കർശന നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. രാജേന്ദ്രന്റെ പരാമർശങ്ങളെ പാർട്ടി പൂർണമായും തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

കട്ടപ്പനയിൽ  അടിയന്തരമായി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും തുടർന്നു നടന്ന ജില്ലാ കമ്മിറ്റിയിലും രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ജനപ്രതിനിധിയെന്ന നിലയിൽ സാമാന്യ മര്യാദ പോലും രാജേന്ദ്രൻ കാണിച്ചില്ലെന്നും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കേണ്ടതായിരുന്നുവെന്നും ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. രാജേന്ദ്രനെതിരെയുള്ള നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണു സൂചന. നടപടിയെടുത്തില്ലെങ്കിൽ പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായവും ഉയർന്നു. ശാസനയോ താക്കീതോ നൽകരുതെന്നും കടുത്ത നടപടിയെടുക്കണമെന്നുമാണു ജില്ലാ സെക്രട്ടറിയേറ്റിലെ ആവശ്യം.

എംഎൽഎയുടെ പരാമർശം ശരിയല്ലെന്നും പാർട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണിതെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ജനപ്രതിനിധി എന്ന നിലയിൽ എംഎൽഎ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, ദൗർഭാഗ്യകരമായി സബ് കലക്ടർക്കെതിരെ അദ്ദേഹത്തിൽനിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തിൽ പാർട്ടി ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും.

ഉദ്യോഗസ്ഥർക്കെതിരെ പലതവണ മോശമായ പരാമർശം രാജേന്ദ്രൻ നടത്തിയിട്ടുണ്ടങ്കിലും പാർട്ടി വിശദീകരണം തേടുന്നത് ആദ്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. എംഎൽഎ, മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാർട്ടി യോജിക്കുന്നില്ല. മൂന്നാർ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ‌്. ഇടുക്കി ഡിസിസി അംഗമായ കറുപ്പുസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റ്.  കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്തംഗം വിജയകുമാർ, മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്. ഇതിനുശേഷം എംഎൽഎയെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ദേവികുളം സബ് കലക്ടർമാർക്കെതിരെ എസ്. രാജേന്ദ്രൻ എംഎൽഎ

∙ േദവികുളം സബ് കലക്ടർ ചെയ്യേണ്ടതു ചെയ്യണം, അല്ലെങ്കിൽ ജോലി മതിയാക്കി മറ്റു വല്ല പണിക്കു പോകണം. (പി.സി. ശ്രീറാമിനെക്കുറിച്ച്) 

∙ പ്രേംകുമാർ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ചാണ്. (വി. ആർ. പ്രേംകുമാറിനെക്കുറിച്ച്)

∙ സബ് കലക്ടർക്ക് ബുദ്ധിയില്ല. (ഡോ. രേണു രാജിനെക്കുറിച്ച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com