റൺ.. രേണു..... റൺ; ആദ്യ മൽസരത്തിൽ വിജയി സബ് കലക്ടർ

renu-raj
മൂന്നാർ മാരത്തണിലെ റൺ വിത്ത് ഫൺ വനിതാ വിഭാഗത്തിൽ ദേവികുളം സബ് കലക്ടർ ഡോ. രേണുരാജ് ഒന്നാമതെത്തിയപ്പോൾ.
SHARE

തൊടുപുഴ ∙ കൈയേറ്റക്കാരുടെ അടുത്തേക്കുള്ള ഓട്ടത്തിൽ ആദ്യ മൽസരത്തിൽ വിജയിയായത് ദേവികുളം സബ് കലക്ടർ ഡോ. രേണുരാജ് ! ഞായറാഴ്ച നടന്ന മൂന്നാർ മാരത്തണിൽ റൺ ഫൺ ഹെൽത്ത് വനിതകളുടെ വിഭാഗത്തിൽ ഒന്നാമത് ഓടിയെത്തിയത് രേണു രാജാണ്.

മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂട് സ്റ്റേഡിയത്തിൽ നിന്ന് ഹാഫ് മാരത്തണിന്റെ ഉദ്ഘാടനം നിർവഹിച്ചതും ഡോ. രേണുവായിരുന്നു.  300 വനിതകളാണ് ഏഴു കിലോമീറ്റർ‌ മൽസരത്തിൽ പങ്കെടുത്തത്. പഴയ മൂന്നാറിൽ വിവാദത്തിലായ വനിതാ വ്യവസായ കേന്ദ്രത്തിന്റെ അടുത്താണ് സബ് കലക്ടർ മാരത്തൺ ഫിനിഷ് ചെയ്തത് ! മൽസരത്തിൽ വിജയിച്ച ശേഷം സബ് കലക്ടർ നേരെ എത്തിയത് എസ്. രാജേന്ദ്രന്റെ വീടിനു സമീപത്തേക്കാണ്. ഇവിടെ മറ്റൊരു അനധികൃത നിർമാണം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫിസർക്കു നിർദേശവും നൽകി.

മലയോര ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ.  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷയെഴുതിയ രേണു രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. എറണാകുളത്തായിരുന്നു പരിശീലന കാലത്തെ നിയമനം. ഒരു വർഷത്തോളം തൃശൂരിൽ സബ് കലക്ടറായിരുന്നു.  വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന അനധികൃത ക്വാറി രേണു രാജ് ഇടപെട്ട് പൂട്ടിച്ചത് വിവാദമായിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ചു. ഇത്തിത്താനം മലകുന്നം ശ്രീ ശൈലത്തിൽ എം.കെ. രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മൂത്ത മകളാണ് രേണു. രാജകുമാരൻ നായർ കെഎസ്ആർടിസി ജീവനക്കാരനായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് യൂണിയനിൽ വൈസ് ചെയർ പഴ്സൺ ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA