ADVERTISEMENT

കൊച്ചി∙ അങ്കമാലി– എരുമേലി ശബരി റെയിൽ പാതയുടെ നിർമാണത്തിൽ കിഫ്ബി വഴി പങ്കാളിയാവാൻ സംസ്ഥാന സർക്കാർ ആലോചന. പകുതി ചെലവു സംസ്ഥാനം വഹിക്കാതെ പദ്ധതി നടപ്പാകില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയാണു കേരളം മറ്റു വഴി തേടുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,815 കോടി രൂപയാണു പദ്ധതിച്ചെലവ്. 1,407.5 കോടി സംസ്ഥാനം കണ്ടെത്തണം. 5 വർഷം ഏകദേശം 280 കോടി രൂപ വീതം കിഫ്ബി വഴി വകയിരുത്തിയാൽ മതിയാകും.

പദ്ധതിക്ക് ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ സൗജന്യമായി ഏറ്റെടുത്തു നൽകിയാൽ തുക വീണ്ടും കുറയും. 900 കോടി രൂപയാണു ഭൂമിയേറ്റെടുക്കാൻ ചെലവു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പദ്ധതിയുടെ പുരോഗതി അനുസരിച്ച് ബാക്കി തുകയായ 507 കോടി രൂപ 5 വർഷംകൊണ്ടു നൽകിയാൽ മതിയാകും.

കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഭൂമിയേറ്റെടുത്തു നൽകി അതു സംസ്ഥാന വിഹിതമായി കണക്കാക്കി ബാക്കി തുക മാത്രം റെയിൽവേ പദ്ധതികൾക്കു നൽകുന്നുണ്ട്. ജോയിന്റ് വെഞ്ച്വർ കമ്പനിയായ കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷനെ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്താനും സർക്കാരിനു കഴിയും. വിദേശ വായ്പയെടുത്തു ശബരി പദ്ധതി നടപ്പാക്കുന്നതിനോടു ഉദ്യോഗസ്ഥതലത്തിൽ യോജിപ്പില്ല. മുൻപു ശബരി പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും എൽഡിഎഫ് സർക്കാർ വന്നതോടെ നിലപാട് മാറ്റി. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ കേന്ദ്രംതന്നെ പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്താക്കി ബജറ്റിൽ ഒരു കോടി രൂപ മാത്രം നീക്കി വയ്ക്കപ്പെട്ടതോടെ േകന്ദ്രത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമായി.

ശബരി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ജനപ്രതിനിധികൾ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകുകയും ചെയ്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും പദ്ധതിക്കായി രംഗത്തു വന്നതോടെയാണു വൈകിയാണെങ്കിലും പദ്ധതി അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുന്നത്. 1998ൽ 550 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയിൽ ഇതുവരെ അങ്കമാലി മുതൽ കാലടി വരെ 8 കിലോ മീറ്ററേ പാത നിർമാണം നടന്നിട്ടുള്ളൂ. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ വഴിയാണു പാത എരുമേലിയിലെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com