ADVERTISEMENT

അബുദാബി∙ കേരളത്തിന്റെ പുനർനിർമാണത്തിലും വികസനദൗത്യത്തിലും സഹകരിക്കുമെന്നു യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തെ തുടർന്നുണ്ടായ നഷ്ടങ്ങളെക്കുറിച്ചു പറഞ്ഞ മുഖ്യമന്ത്രി, പുനർനിർമാണ പദ്ധതികൾ വിശദീകരിച്ചു. 

യുഎഇയും കേരളവുമായുള്ള സവിശേഷ ബന്ധം അടിവരയിട്ട ഷെയ്ഖ് മൻസൂർ, ഊർജം, വിനോദസഞ്ചാരം, കൃഷി, ആരോഗ്യം എന്നീ മേഖലകളിൽ സഹകരിക്കാനാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കി.

കേരളത്തിലെ കുന്നിൻ പ്രദേശങ്ങൾ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി ക്ഷണിച്ചു. സാഹസിക വിനോദം ഇഷ്ടപ്പെടുന്ന ഷെയ്ഖ് മൻസൂറിന്, വയനാട്, ഇടുക്കി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ പിണറായി വിശദീകരിച്ചു നൽകി. ആറന്മുള കണ്ണാടി സമ്മാനിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണു നൽകിയത്. 

ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ലോകകേരള സഭ മേഖലാ സമ്മേളനം ദുബായിൽ

ദുബായ്∙ ലോക കേരള സഭ മധ്യപൂർവദേശ മേഖലാ സമ്മേളനം നാളെയും മറ്റെന്നാളും ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.  പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് കെ.സി ജോസഫ് എംഎൽഎ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 430 പ്രതിനിധികളാണെത്തുക. പ്രവാസി തൊഴിൽ മേഖലകളെക്കുറിച്ചുള്ള പ്രത്യേക സമ്മേളനവും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com