ADVERTISEMENT

തിരുവനന്തപുരം ∙ പ്രകോപനം ഒന്നുമില്ലാതെ ആസൂത്രിതമായി കശ്മീരിൽ നടത്തിയ ഭീകരാക്രമണം നീചമെന്നും രാജ്യം ഇതിനെ ഒറ്റക്കെട്ടായി  നേരിടണമെന്നും എഐസിസി ജന.സെക്രട്ടറി ഉമ്മൻ ചാണ്ടി.‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സേ ചിന്ത മരിക്കട്ടെ’ മുദ്രാവാക്യവുമായി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിച്ച സാംസ്കാരിക യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ അഭാവം ജനം ഇന്നു തിരിച്ചറിയുന്നു. രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാജ്യം ഐക്യത്തോടെ മുന്നോട്ടു പോകണമെന്നുമാണു രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യത്തിന്റെ ഐക്യം തകർക്കാനാണു തീവ്രവാദ ശക്തികളുടെ ശ്രമം 39 കുടുംബങ്ങളുടെ വേദന രാജ്യത്തിന്റെ വേദനയാണ്. രാജ്യത്തെ കോടികണക്കിനാളുകളാണു വേദനിച്ചത്. മോദി ഭരണത്തിൽ അസംതൃപ്തമായ രാജ്യം ഇന്നു കോൺഗ്രസിനെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ഭക്തരുടെ വിശ്വാസം മുഖ്യമന്ത്രി പിച്ചിചീന്തി. സംസ്ഥാനത്തു പാർട്ടി അജൻഡയാണു സർക്കാർ നടപ്പാക്കുന്നത്. വിശ്വാസത്തിന് എതിരായ സത്യവാങ്മൂലം നൽകുക വഴി സർക്കാർ ചോദിച്ചുവാങ്ങിയ വിധിയാണിത്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. വിശ്വാസമില്ലാത്തവർ ആ വഴിക്കു പോകണ്ട. ശബരിമലയുമായി ബന്ധപ്പെട്ടു യുഡിഎഫ് സ്വീകരിച്ച നിലപാടിനു പരക്കേ അംഗീകാരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടൻ ഷൗക്കത്ത്, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, പന്തളം ബാലൻ, കാട്ടൂർ നാരായണപിള്ള, ‍ഡോ.എം.ആർ.തമ്പാൻ, രാജേഷ് മണ്ണാമൂല എന്നിവർ പ്രസംഗിച്ചു. വീരമൃത്യു വരിച്ച ജവാന്മാർക്കു ആദരാഞ്ജലി അർപ്പിച്ചു 39 മെഴുകുതിരി തെളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com