ADVERTISEMENT

ദുബായ് ∙ ഇടതുസർക്കാർ മുൻപ് ഉപേക്ഷിച്ച എയർകേരള വിമാനക്കമ്പനി പദ്ധതി വീണ്ടും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ ലോക കേരളാ സഭാ മധ്യപൂർവദേശ സമ്മേളനത്തിന്റെ സമാപനദിവസം പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന എയർകേരള പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹം.  പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുടുംബാംഗങ്ങളെക്കൂടി ചേർത്തു വിപുലമാക്കാനും ആലോചിക്കുന്നു. റിസർവ് ബാങ്ക് അനുമതി കിട്ടിയാലുടൻ കേരളാ ബാങ്ക് ആരംഭിക്കും. പ്രവാസികൾക്ക് ഒട്ടേറെ സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കും.

പൊലീസ് ക്ലിയറൻസ് ഓൺലൈനാക്കുന്നതും കിഫ്ബി ബോണ്ട് ഡോളറിൽ നിക്ഷേപിക്കുന്നതും പദ്ധതിയിലുണ്ട്. ആരോഗ്യരംഗത്ത് എയിംസിനേക്കാൾ മികച്ച സ്ഥാപനം പ്രവാസികളുടെ സഹകരണത്തോടെ തുടങ്ങുന്നതും പരിഗണനയിലാണെന്നും ഫിനിഷിങ് സ്കൂളുകൾ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കാനുദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി സാംസ്കാരികോൽസവം വിപുലമായി നടത്തും. പ്രവാസികൾക്കു റേഷൻ കാർഡ് അനുവദിക്കാനാകില്ല. വിദേശരാജ്യങ്ങളിൽ കുടുംബശ്രീ മാതൃകയിൽ സംവിധാനം പ്രാവർത്തികമാക്കാൻ പ്രയാസമായതിനാൽ വനിതകളുടെ പ്രത്യേക കൂട്ടായ്മ രൂപീകരിക്കുന്നത് ആലോചിക്കും.  ലോക കേരള സഭയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ഉപസമിതികൾ നൽകിയ 48 നിർദേശങ്ങൾ ക്രോഡീകരിച്ച് പത്തെണ്ണമാക്കിയാണു പ്രതിനിധി ചർച്ചയിൽ അവതരിപ്പിച്ചത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എംഎൽഎ മാരായ പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർമാരായ ഡോ. ബി. രവിപിള്ള, ഡോ.ആസാദ് മൂപ്പൻ, ഉപസമിതി ചെയർമാൻമാരായ സി.വി. റപ്പായി, സാഹിത്യകാരൻ ബെന്യാമിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com