ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ടു ചെയ്യൂ എന്ന മുദ്രാവാക്യം ഉയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണം നടത്താൻ കെപിസിസി പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി അംഗങ്ങൾക്കായി സംസ്ഥാനതല ശിൽപശാല നടത്തും. ലോക്സഭാ, നിയമസഭാ മണ്ഡല സമിതികളും രൂപീകരിക്കും. എഐസിസി നിർദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്നലെ ചേർന്നത്.

പരമ്പരാഗത മാധ്യമങ്ങളോടൊപ്പം സമൂഹ മാധ്യമങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ചെയർമാൻ വി.എസ്. ശിവകുമാർ എംഎൽഎ അറിയിച്ചു. മോദി,പിണറായി സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ശക്തമായ പ്രചാരണം നടത്തും. യുവജനങ്ങൾ, വിദ്യാർഥികൾ, മഹിളാ സംഘടനകൾ,സാമൂഹിക സംഘടനകൾ തുടങ്ങിയവരുമായി ചർച്ച നടത്തുകയും അവരുടെ വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാൽ ഇടപാടു നടത്തിയതു മോദിയാണ്. മതേതര ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർത്തു.

വിലക്കയറ്റം,പെട്രോൾ വില വർധന, തൊഴിലില്ലായ്‌മ, ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ തകർച്ച, കാർഷികമേഖലയുടെ തകർച്ച, കർഷക ആത്മഹത്യ തുടങ്ങിയവയാണു മോദി ഭരണത്തിന്റെ മുഖമുദ്രകൾ. നോട്ട് നിരോധനം,അശാസ്‌ത്രീയ ജിഎസ്‌ടി തുടങ്ങിയവ മോദി നിർമിത ദുരന്തങ്ങളാണ്. പിണറായി അധികാരമേറ്റ ശേഷം കേരളത്തിൽ 29 രാഷ്‌ട്രീയ കൊലപാതകങ്ങളാണു നടന്നത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വന്തമായി ഒരു നേട്ടംപോലും 1000 ദിവസത്തിനുള്ളിൽ ചൂണ്ടിക്കാണിക്കാനില്ല.

ബാർ മുതലാളിമാരുടെയും സ്‌ത്രീപീഡകരുടെയും കാര്യം മാത്രമാണു സർക്കാർ ശരിയാക്കിയത്. ഇതെല്ലാം പ്രചാരണ വിഷയമാക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. തമ്പാനൂർ രവി, അജയ് തറയിൽ, കെ.‌പീതാംബര കുറുപ്പ്, ആർ. ശെൽവരാജ്, പി.എസ്.പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com