ADVERTISEMENT

തൊടുപുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെന്നു കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ‘ലോക്സഭയിലേക്ക് ഒന്നു പോയാ‍ൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചു കൂടായ്കയില്ല. പാർട്ടി തീരുമാനിച്ചാൽ ഏതു സീറ്റിലും മത്സരിക്കും’.

‘2 സീറ്റ് വേണമെന്ന കേരള കോൺഗ്രസ് (എം)ന്റെ ആവശ്യം ന്യായമാണ്. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധിയോട് ഇക്കാര്യം ഉന്നയിച്ചപ്പോൾ പ്രാദേശികമായി ചർച്ചചെയ്തു തീരുമാനിക്കാനാണു നിർദേശിച്ചത്. 2 സീറ്റ് ലഭിക്കുമെന്നാണ് വിശ്വാസം’– ജോസഫ് പറഞ്ഞു. ഒരു സീറ്റ് മാത്രമാണു ലഭിക്കുന്നതെങ്കിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ചർച്ച തുടങ്ങുന്നതേയുള്ളൂ, ആ വിഷയം ഇപ്പോൾ ഉദിക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി.കോട്ടയത്ത് നിഷ ജോസ് കെ. മാണി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നു ജോസഫ് പറഞ്ഞു. എൻഎസ്എസ്–സഭാ നേതാക്കളെ കണ്ടതു സൗഹൃദത്തിന്റെ ഭാഗമായാണ്.

അതേ സമയം മത്സരിക്കാൻ തയാറാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയോടു കരുതലോടെയായിരുന്നു പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ പ്രതികരണം 

pj-joseph-loksabha-elections

ജോസഫിന് പഴയ ശക്തിയില്ല

'കേരള കോൺഗ്രസിന്റെ (എം) ശത്രു കോൺഗ്രസാണ്. കെ.എം. മാണിയുടെ വിലപേശൽ ശക്തി കുറയ്ക്കാനായി കേരള കോൺഗ്രസ് (എം) പിളർത്തണമെന്നു ചെന്നിത്തല തീരുമാനിച്ചിട്ടുണ്ട്. പി.ജെ. ജോസഫിനു പിളർപ്പു നേരിടാൻ പഴയ ശക്തിയില്ല. എൽഡിഎഫിൽ നല്ല പോലെ നിന്നു പോകുന്ന ആളായിരുന്നു അദ്ദേഹം. മാണിയുടെ കൂടെക്കൂടി ഉള്ളതുകൂടി കളഞ്ഞു. സിറ്റിങ് എംഎൽഎമാർ മത്സരിക്കരുതെന്ന നിലപാട് സിപിഎം മുന്നോട്ടു വയ്ക്കുന്നില്ല.' - കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി

സ്ഥാനാർഥി ചർച്ച ആയിട്ടില്ല

'ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) 2 സീറ്റ് ചോദിക്കും. ഇന്നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ പാർട്ടിയുടെ നിലപാടു പറയും. സ്ഥാനാർഥി ചർച്ച ആയിട്ടില്ല.' - ജോസ് കെ. മാണി 

മത്സരിക്കാൻ ചുണക്കുട്ടന്മാരുണ്ട്

'ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. മത്സരിക്കാൻ കഴിവുള്ള ചുണക്കുട്ടന്മാർ പാർട്ടിയിലുണ്ട്. പാർട്ടി അംഗത്വം പോലുമില്ല, അനുഭാവം മാത്രമാണുള്ളത്.' - നിഷ ജോസ് കെ. മാണി

വിജയസാധ്യത ജോസഫിന്

'ലോക്സഭ തിരഞ്ഞെടുപ്പിൽ ജനപക്ഷം മത്സരരംഗത്ത് ഇല്ല. ഇതേ സമയം ഇടുക്കിയിൽ പി.ജെ. ജോസഫിനെയും കോട്ടയത്ത് ഉമ്മൻ ചാണ്ടിയെയും മത്സരിപ്പിക്കാൻ യുഡിഎഫ് തയാറാകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ടു മണ്ഡലങ്ങളിൽ ഇവർക്കാണ് വിജയസാധ്യത.' - പി. സി. ജോർജ്, ജനപക്ഷം ചെയർമാൻ

English Summary: P.J. Joseph says ready to contest loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com