ADVERTISEMENT

കോട്ടയം ∙ കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ഇന്നോ നാളെയോ. പാർട്ടിയിലെ യോജിപ്പ് മുൻനിർത്തി പി.ജെ. ജോസഫിനു സീറ്റ് നൽകാൻ സാധ്യതയേറി. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി, സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങൾ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചുമതല ചെയർമാൻ കെ.എം. മാണിക്കു നൽകി. കോട്ടയം മണ്ഡലത്തിലെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു യോഗത്തിനു ശേഷം കെ.എം. മാണി അറിയിച്ചു.

വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സീറ്റ് ആവശ്യപ്പെട്ടതോടെയാണു സ്ഥാനാർഥി നിർണയം സങ്കീർണമായത്. സീറ്റു വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് ഇതുവരെ മാണി വിഭാഗം വഴങ്ങിയിട്ടില്ല. ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. തർക്കം പരിഹരിക്കുന്നതിനായി ഇന്നലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കെ.എം. മാണിയുമായി സംസാരിച്ചു. ജോസഫിനു സീറ്റു നൽകിയില്ലെങ്കിൽ മാണി വിഭാഗത്തിലെ തോമസ് ചാഴികാടൻ, പ്രിൻസ് ലൂക്കോസ്, സ്റ്റീഫൻ ജോർജ് എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കാം.

ഇന്നലെ പാലായിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ. ജോസഫ് അറിയിച്ചു. എന്നാൽ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ച ഉച്ചകഴിഞ്ഞു കോട്ടയത്തു ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ മതിയെന്നു കെ.എം. മാണി പറഞ്ഞു. പാർട്ടിക്ക് ഒരു സീറ്റു മാത്രമെന്ന യുഡിഎഫ് തീരുമാനം യോഗം അംഗീകരിച്ചു. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചുമതല കെ.എം. മാണിക്കു കൈമാറി.

സ്റ്റിയറിങ് കമ്മിറ്റിയിലും പി.ജെ. ജോസഫ് നിലപാട് ആവർത്തിച്ചു. സ്ഥാനാർഥിയെ ചെയർമാൻ തീരുമാനിക്കുമെന്ന മുഖവുരയോടെ ചർച്ച അവസാനിപ്പിച്ചു. പി.ജെ. ജോസഫ് മാധ്യമങ്ങളിലൂടെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടതിനെ ഒരു വിഭാഗം വിമർശിച്ചു. ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ തുടരുകയാണ്. ശനിയാഴ്ച രാത്രി കോട്ടയത്ത് ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും ചർച്ച നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com