ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് ഇന്ന് ഡൽഹിയിൽ നിർണായക യോഗം ചേരുന്നതിനു മുന്നോടിയായി ആകാശത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സംസ്ഥാന നേതൃത്വത്തിന്റെ കൂടിക്കാഴ്ച. കേരളത്തിലെ പര്യടനം പൂർത്തിയാക്കിയ രാഹുലിനൊപ്പം പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്കു പറന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരുമായി സ്ഥാനാർഥി പട്ടിക സംബന്ധിച്ചു രാഹുൽ ചർച്ച നടത്തിയതായാണു സൂചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും വിമാനത്തിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ രമേശ്, മുല്ലപ്പള്ളി, വേണുഗോപാൽ എന്നിവർ വാസ്നിക്കുമായി ചർച്ച നടത്തും.

വിവിധ മണ്ഡലങ്ങളിൽ ഒന്നിലധികം പേർ അവകാശവാദവുമായി രംഗത്തുള്ള സാഹചര്യത്തിൽ വിജയസാധ്യത എന്ന ഏകമാനദണ്ഡം മുൻനിർത്തിയാവും അന്തിമ പട്ടിക. ഗ്രൂപ്പ് താൽപര്യങ്ങൾ സജീവമായ മണ്ഡലങ്ങളിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു ഹൈക്കമാൻഡിന്റെ പ്രതീക്ഷ. ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കാൻ ദേശീയനേതൃത്വം സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ എന്നിവർ മൽസരിക്കുമോ എന്ന കാര്യത്തിൽ രാഹുലിന്റെ നിലപാട് നിർണായകമാകും.

സ്ഥാനാർഥികൾ ആരൊക്കെയെന്നതു സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു കൈമാറും. സമിതി നാളെ യോഗം ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണു വിവരം. സമിതി യോഗത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്റണി, വേണുഗോപാൽ എന്നിവരുമായി രമേശും മുല്ലപ്പള്ളിയും ചർച്ച നടത്തും.

സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതോടെ ഗ്രൂപ്പ് പ്രതിനിധികളും സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ചവരും ഡൽഹിയിലേക്കു വിമാനം കയറി. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാനത്തെ സീറ്റ് നിർണയ ചർച്ചകളിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കും. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് താൽപര്യങ്ങൾ കണക്കിലെടുത്തുള്ള വീതംവയ്പ് അംഗീകരിക്കില്ലെന്നു വാദിച്ചു യുവാക്കളും രംഗത്തുണ്ട്. രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഇവർ ശ്രമം നടത്തുന്നുണ്ട്.

യുവാക്കൾക്കും വനിതകൾക്കും ഉയർന്ന പ്രാതിനിധ്യം നൽകുമെന്ന രാഹുലിന്റെ മുൻ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ഇവർ രംഗത്തുള്ളത്. എഐസിസി സെക്രട്ടറി പി.സി. ചാക്കോ ചാലക്കുടിയിൽ മൽസരിക്കാനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. യുവാക്കളോ വനിതകളോ വന്നാൽ മാറിക്കൊടുക്കാൻ തയാറാണെന്ന നിലപാടിലാണ് അദ്ദേഹം.

സാധ്യതകൾ ഇങ്ങനെ

∙ സിറ്റിങ് എംപിമാർ: സിറ്റിങ് സീറ്റുകളിൽ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളെക്കുറിച്ചു മാത്രമാണ് അനിശ്ചിതത്വം. എംപിമാരായ കെ.വി. തോമസിനും ആന്റോ ആന്റണിക്കും തന്നെ പ്രഥമപരിഗണന. ഇതേസമയം ജില്ല, സംസ്ഥാന നേതൃത്വത്തിന്റെയും ബന്ധപ്പെട്ട എംഎൽഎമാരുടെയും അഭിപ്രായം കൂടി തേടുന്നു. മറ്റു സിറ്റിങ് സീറ്റുകളിൽ തർക്കമില്ല.
∙ ആറ്റിങ്ങൽ: അടൂർ പ്രകാശിനു സാധ്യത. കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നു മാറുമ്പോൾ പ്രകാശ് അവിടെ ആയാലോയെന്ന ആലോചനയുമുണ്ട്. പകരം ആറ്റിങ്ങലിലേക്കു മറ്റൊരാളെ മുന്നോട്ടുവയ്ക്കാനില്ല.
∙ ആലപ്പുഴ: ഷാനിമോൾ ഉസ്മാനു സാധ്യത. ബി. ബാബുപ്രസാദും ചർച്ചയിൽ
∙ഇടുക്കി: ഉമ്മൻചാണ്ടി വരുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പൊതുസ്വതന്ത്രനായി തന്നെ പരിഗണിക്കണമെന്ന പി.ജെ.ജോസഫിന്റെ നിർദേശം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യും. പി.സി ചാക്കോ, ജോസഫ് വാഴയ്ക്കൻ, ഡീൻകുര്യാക്കോസ് എന്നിവരും പട്ടികയിൽ.
∙ ചാലക്കുടി: ബെന്നി ബഹനാനു സാധ്യത. പി.സി. ചാക്കോയ്ക്കും താൽപര്യം.
∙ തൃശൂർ: ടി.എൻ. പ്രതാപൻ മുന്നിൽ. വി.എം. സുധീരൻ വരണമെന്ന നിർദേശമുണ്ട്.
∙ ആലത്തൂർ: മുൻമന്ത്രി എ.പി. അനിൽകുമാറിനെ ഇറക്കി വെല്ലുവിളി ഉയർത്തണമെന്ന ആശയം സജീവം. പ്രാദേശിക നേതൃത്വത്തിലുള്ള രമ്യ ഹരിദാസാണു രണ്ടാമത്.
∙ പാലക്കാട്: ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ വന്നേക്കും. ഷാഫി പറമ്പിലിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം സജീവമെങ്കിലും ജയിച്ചാൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനു വെല്ലുവിളിയാകുമെന്നു വാദം.
∙ വടകര:മുല്ലപ്പള്ളി പിന്മാറുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ആർഎംഎപി നേതാവ് കെ.കെ. രമ ആയിക്കൂടായെന്ന ചർച്ച സജീവം.കോൺഗ്രസ് പട്ടികയിൽ ടി. സിദ്ദിഖ് മുന്നിൽ.
∙ കണ്ണൂർ: കെ. സുധാകരൻ തന്നെ.
∙ കാസർകോട്: ബി. സുബ്ബയ്യറായിക്കാണു പ്രഥമപരിഗണനയെങ്കിലും അന്തിമതീരുമാനമായില്ല.
∙ വയനാട്: കെ.സി. വേണുഗോപാൽ വന്നില്ലെങ്കിൽ ഷാനിമോൾക്കു സാധ്യത. മുസ്‍ലിം വനിതയെ നിർത്തുന്നതിനെ ചില സംഘടനകൾ എതിർക്കുന്നുവെങ്കിലും ലീഗ് നേതാവായ വനിതയല്ലേ അവിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്നു മറുചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com