ADVERTISEMENT

തിരുവനന്തപുരം∙ സമയത്തു സ്ഥലംമാറ്റം നടത്താതെ അവസാന മണിക്കൂറിൽ ഉത്തരവിറക്കിയതോടെ 110 പൊലീസ് ഉദ്യോഗസ്ഥർ പണിയില്ലാതെ പെരുവഴിയിൽ. 62 സർക്കിൾ ഇൻസ്പെക്ടർമാരെയും 7 ഡിവൈഎസ്പിമാരെയും പേരൂർക്കട എസ്എപി ക്യാംപിൽ അറ്റാച്ചു ചെയ്തു. ഇതിനു പുറമെ 40 ഉദ്യോഗസ്ഥർ കൂടി പുതിയ സ്ഥലങ്ങളിൽ ചുമതലയേൽക്കാൻ കഴിയാതെ ഇന്നലെ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തു. ഇവരെയും ഉടൻ എവിടെയെങ്കിലും അറ്റാച്ചു ചെയ്യും. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ മാത്രമേ ഇവർക്കു പുതിയ നിയമനം നൽകാൻ കഴിയൂ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ സംസ്ഥാന പൊലീസ് മേധാവി വിഷയം അറിയിച്ചിട്ടുണ്ട്. 

ഫെബ്രുവരി 28നകം എല്ലാ സ്ഥലംമാറ്റവും പൂർത്തിയാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ജനുവരി അവസാനം എല്ലാ ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മാറ്റം പന്തുകളി പോലെ ആയിരുന്നു. സിഐമാർ വരെയുള്ളവരുടെ മാറ്റം സംസ്ഥാന പൊലീസ് മേധാവിയും അതിനു മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ മാറ്റം സർക്കാരുമാണു നടത്തുന്നത്. ഇതിനുള്ള ശുപാർശയും ഡിജിപി നൽകുമെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി രാഷ്ട്രീയ നിറം നോക്കി പാർട്ടി അനുമതിയോടെ മാത്രമാണു പട്ടിക ആഭ്യന്തര വകുപ്പിനു കൈമാറുന്നത്. 

ഇത്തരത്തിൽ ഫെബ്രുവരിയിൽ മൂന്നു നാലു പ്രാവശ്യം സ്ഥലംമാറ്റ പട്ടിക പുറത്തിറക്കി. ഇവരിൽ ചിലരെ പ്രാദേശിക പാർട്ടി എതിർപ്പിനെ തുടർന്നു വീണ്ടും മാറ്റി. എല്ലാം കഴിഞ്ഞും നൂറിലേറെ ഉദ്യോഗസ്ഥരുടെ മാറ്റം അവസാന നിമിഷം വരെ നടപ്പാക്കിയില്ല. ജില്ലാ പൊലീസ് മേധാവികൾ മാറ്റം കിട്ടിയ ഉദ്യോഗസ്ഥരെ വിട്ടയക്കാത്തതായിരുന്നു തടസം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല വഹിച്ചിരുന്ന സിഐമാരെയാണു കൂടുതലും തടഞ്ഞുവച്ചത്. ചിലർക്കു കേസ് അന്വേഷണമായിരുന്നു തടസം. 

10നു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ വൈകിട്ട് അഞ്ചിനു വയർലസ് സന്ദേശമെത്തി. മാറ്റം കിട്ടിയ മുഴുവൻ ഉദ്യോഗസ്ഥരും രാത്രി പത്തിനകം പുതിയ ചുമതല ഏൽക്കണമെന്നും യൂണിറ്റ് മേധാവികൾ ഇവരെ ഉടൻ റിലീവ് ചെയ്യണമെന്നുമായിരുന്നു സന്ദേശം. എന്നാൽ തിരുവനന്തപരുത്തു നിന്നു വയനാട്ടിലേക്കും പാലക്കാട്ടേക്കും ഇടുക്കിയിലേക്കുമെല്ലാം മാറ്റം കിട്ടിയവരും അതുപോലെ ഇങ്ങോട്ടു മാറ്റിയവരും അഞ്ചു മണിക്കൂർ കൊണ്ടു പുതിയ സ്ഥലത്തു പറന്നെത്താൻ പ്രയാസപ്പെട്ടു. ബന്ധപ്പെട്ട എസ്പിമാർ അടുത്ത ദിവസം രാവിലെ ഇവരെ ചുമതല ഏൽക്കാൻ സമ്മതിച്ചുമില്ല. 

ഇവർ പൊലീസ് ആസ്ഥാനത്തു തിരിച്ചെത്തിയപ്പോൾ തൽക്കാലം എസ്എപി ക്യാംപിൽ പോയിരിക്കാനായിരുന്നു നിർദേശം. അവരെ അവിടെ അറ്റാച്ച് ചെയ്തതായി ഉത്തരവിറക്കി. അതിനു പിന്നാലെയാണ് ഇന്നലെ 40 പേർ കൂടി എത്തിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com