ADVERTISEMENT

ചങ്ങനാശേരി / പാലാ ∙ഹാൻഡ് ബ്രേക്ക് തകരാറിനെ തുടർന്നു  പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു  ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള എസ്എച്ച് ബുക്ക് വേൾഡ് ഉടമയും ഫാത്തിമാപുരം ആനിത്തോട്ടം പരേതനായ സ്കറിയ ഏബ്രഹാമിന്റെ മകനുമായ സിജി സ്കറിയയാണ് (46) മരിച്ചത്.  സംസ്കാരം ഇന്ന് 11.30ന് ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ.

ഞായറാഴ്ച വൈകിട്ട് ഭാര്യയുടെയും മക്കളുടെയും ‍കൺമുന്നിലാണ് അപകടം. മക്കളിലൊരാൾ യാത്രയ്ക്കിടെ ഛർദിച്ചതിനെ തുടർന്ന് വെള്ളം വാങ്ങാനായി പാലായിൽ  കാർ നിർത്തിയപ്പോഴാണ് അപകടം.  തൊടുപുഴയിലുള്ള ഭാര്യാഗൃഹത്തിൽ നിന്നു മടങ്ങുകയായിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം ഷോപ്പിങ് കോംപ്ലക്‌സിലെ ബേക്കറിയിൽ നിന്നു വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങിയ ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ സിജിയും പുറത്തിറങ്ങി. ഇതിനിടെ കാർ പിന്നോട്ടു നീങ്ങുന്നതു കണ്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ സിജി മതിലിനും കാറിനും ഇടയിൽപ്പെടുകയായിരുന്നു.

ഏറെ പ്രയാസപ്പെട്ടാണ് സിജിയെ പുറത്തെടുത്തത്. ആന്തരിക അവയവങ്ങൾക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.  സ്വന്തം വാഹനത്തിനു പകരം സുഹൃത്തിന്റെ  വാഹനത്തിലാണ്  തൊടുപുഴയ്ക്കു പോയത്. മാതാവ് മോനിമ്മ. ഭാര്യ: തൊടുപുഴ വെള്ളൂക്കുന്നേൽ ഡിംപിൾ. മക്കൾ: താരാ, നേഹ, ജോ (മൂവരും വിദ്യാർഥികൾ).

വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുന്നതിന്  മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഒതുക്കി നിർത്തിയശേഷം ആദ്യം ഹാൻഡ് ബ്രേക്ക് ഉറപ്പുവരുത്താം.

∙ ഓട്ടമാറ്റിക് ഗിയർ സന്നാഹമുള്ള വാഹനങ്ങളിൽ ഹാൻഡ് ബ്രേക്ക് ചെറിയ ഇലക്ട്രോണിക് സ്വിച്ചായിരിക്കും. വാഹനം നിർത്തുമ്പോൾ പലപ്പോഴും ആളുകൾ ഇത് ഉപയോഗിക്കാറില്ല. പാർക്ക് മോഡ് ഓൺ ആക്കിയ ശേഷം നിർബന്ധമായും ഹാൻഡ് ബ്രേക്ക് ഓൺ ചെയ്യുക.

∙ അധിക സുരക്ഷയ്ക്കായി മാനുവൽ വാഹനങ്ങൾ ഗീയറിൽ ഇടാം. ഹാൻഡ് ബ്രേക്ക് ഇല്ലാത്ത പഴയ വാഹനങ്ങൾ ഇത്തരത്തിൽ സുരക്ഷിതമാക്കാം. 

(മുന്നിലേക്ക് കയറ്റമാണെങ്കിൽ ഫസ്റ്റ് ഗിയർ, ഇറക്കമാണെങ്കിൽ റിവേഴ്സ് ഗിയർ എന്ന വിധത്തിൽ വേണം ഉപയോഗിക്കാൻ).

∙ എൻജിൻ ഓൺ ആയ അവസ്ഥയിൽ ഹാൻഡ് ബ്രേക്ക് ഓൺ ആണെങ്കിലും വാഹനത്തിനു വെളിയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല.

∙ ഏതെങ്കിലും വിധം വാഹനം മുന്നിലേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ടാൽ പിന്നാലെ ഓടാനോ, തടഞ്ഞു നിർത്താനോ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടം ഉണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com